ലോകം ശ്രദ്ധിച്ച ആ മുഖത്തിനുടമ പാകിസ്ഥാനില്‍ അറസ്റ്റിലായി

By Web DeskFirst Published Oct 26, 2016, 1:59 PM IST
Highlights

കറാച്ചി: നാഷണല്‍ ജ്യോഗ്രഫിക് മാസികയിലൂടെ ലോക ശ്രദ്ധനേടിയ ശര്‍ബത് ഗുലയെന്ന യുവതി പാകിസ്ഥാനില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍. പാക് അന്വേഷണ ഏജന്‍സിയായ എഫ്.ഐ.എ ബുധനാഴ്ച പെഷവാര്‍ നഗരത്തില്‍ നിന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പാകിസ്ഥാനിലെ ഓണ്‍  ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാറിന്റെ ഔദ്ദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡായ സി.എന്‍.ഐ.സിയില്‍ (കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ്) തിരിമറി കാണിച്ചെന്നതാണ് ശര്‍ബതിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

യുവതിക്ക് ഒരേസമയം പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പൗരത്വമുണ്ടായിരുന്നെന്ന് എഫ്.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ രണ്ട് രാജ്യങ്ങളിലെയും തിരിച്ചറിയല്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്ദ്യോഗസ്ഥനെതിരെയും എഫ്.ഐ.എ അന്വേഷണം നടത്തുന്നുണ്ട്.

ഇപ്പോള്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുന്ന ഇദ്ദേഹം കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. പാകിസ്ഥാനിലെ ദേശീയ ഡേറ്റാബേസ് ആന്റ് രജിസ്ട്രേഷന്‍ അതോറിറ്റി ശര്‍ബതിനും ഇവരുടെ മക്കളെന്ന് അവകാശപ്പെട്ട മറ്റ് രണ്ട് പുരുഷന്മാര്‍ക്കുമാണ് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചത്. എന്നാല്‍ മക്കളെന്ന് അവകാശപ്പെട്ട രണ്ട് പേരെയും പരിസരവാസികള്‍ തിരിച്ചറിഞ്ഞില്ല. വേണ്ടത്ര പരിശോധന നടത്താതെ വിദേശ പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.

നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക് കെറിയാണ് പെഷവാറിലെ നാസിര്‍ ബാഗ് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നാണ് 1984ല്‍ ശര്‍ബതിനെ കണ്ടെത്തിയത്. 1985 ജൂണില്‍ മാസികയുടെ മുഖചിത്രമായതോടെ അവള്‍ ലോക പ്രശസ്തയായി. പിന്നീട് ഇവര്‍ എവിടെയാണെന്നത് സംബന്ധിച്ച് കാര്യമായ വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 2002ലാണ് നാഷണല്‍ ജോഗ്രഫിക് സംഘം ഇവരെ പിന്നെയും കണ്ടെത്തിയത്.

click me!