യുഎസ് കോണ്‍ഗ്രസ് പ്രസംഗം: ഇന്ത്യ അമേരിക്കയുടെ പങ്കാളിയാണെന്ന് സൂചിപ്പിച്ച് മോദി

By Web DeskFirst Published Jun 8, 2016, 3:54 PM IST
Highlights

അമേരിക്കന്‍ നിയമനിര്‍മ്മാണസഭകളെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദി. എന്നാല്‍ ഒരിക്കല്‍ വിസ നിഷേധിച്ച അമേരിക്കയുടെ ഏറ്റവും ഉന്നതസഭ അഞ്ചു മിനിറ്റു നീണ്ട കരഘോഷത്തിലൂടെ നല്‍കിയ വന്‍വരവേല്‍പ്പ് പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള മോദിയുടെ യാത്രയില്‍ വന്‍നേട്ടമായെന്ന കാര്യത്തില്‍ സംശയമില്ല. 

തന്‍റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങളില്‍ പ്രചരിക്കുന്ന കഥകളും തന്നെക്കുറിച്ചുള്ള  ഖണ്ഡിക്കാനാണ് തുടക്കത്തില്‍ തന്നെ മോദി ശ്രമിച്ചത്. സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നത് എന്ന് പറഞ്ഞ മോദി ഭരണഘടനയാണ് ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥം എന്ന സന്ദേശം നല്കി അസഹിഷ്ണുതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരോക്ഷമായി തള്ളുകയായിരുന്നു. 

മഹാത്മാഗാന്ധിക്കും മാര്‍ട്ടിന്‍ലൂഥര്‍ കിംഗിനും സ്വാമി വിവേകാനന്ദനുമൊപ്പം ഡോ ബി ആര്‍ ആംബേദ്ക്കറുടെ പേരും പരാമര്‍ശിച്ച മോദി ഇന്ത്യയിലെ പ്രത്യേകിച്ച് യുപിയിലെ വോട്ടര്‍മാരെക്കൂടിയാണ് അഭിസംബോധന ചെയ്തത്. നവാസ് ഷെരീഫുമായുള്ള സൗഹൃദമെന്നും പാകിസ്ഥാനെതിരെ ആഞ്ഞടിക്കുന്നതില്‍ നിന്ന് മോദിയെ പിന്തിരിപ്പിച്ചില്ല. പാകിസ്ഥാനെ അനുകൂലിക്കുന്ന ശക്തമായ ലോബിയുള്ള യുഎസ് കോണ്‍ഗ്രസിനോട് ലഷ്‌ക്കര്‍ തോയിബ ഐഎസ്‌ഐഎസും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന സന്ദേശം നല്കാനായിരുന്നു മോദിയുടെ ശ്രമം. 

ഇന്ത്യന്‍ പാര്‍ലമെന്‍റിലെ തര്‍ക്കങ്ങളും രാഷ്ട്രീയ ചേരിതിരിവുമൊക്കെ അമേരിക്കന്‍ കോണ്‍ഗ്രസിനോട് താരതമ്യം ചെയ്ത് മോദി പരാമര്‍ശിച്ചത് അമേരിക്കന്‍ എംപിമാര്‍ക്കിടയില്‍ ചിരിപടര്‍ത്തിയെങ്കിലും ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാജ്യസഭയിലെ തടസ്സങ്ങളെക്കുറിച്ച് മോദി പരാമര്‍ശിച്ചത് വീണ്ടും അവകാശലംഘന നോട്ടീസുകളുമായി എത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചേക്കാം. 

പ്രസംഗത്തിലുടനീളം അമേരിക്കയില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്ന രാജ്യമല്ല മറിച്ച പങ്കാളികളാണ് എന്നാണ് മോദി പറയാന്‍ ശ്രമിച്ചത്. എന്തായാലും മോദിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഗതകാലത്തിന്റെ ശങ്ക മാറ്റിവച്ച് പുതിയൊരു കൂട്ടുകെട്ടിന് മോദിയുടെ ഈ പ്രസംഗം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വഴികാട്ടിയാവും. 

click me!