Latest Videos

ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ്ങിന് എസ്.ബി.ഐ അടക്കമുള്ള ഡെബിറ്റ് കാര്‍ഡിന് വിലക്ക്

By Web DeskFirst Published Sep 22, 2017, 3:09 AM IST
Highlights

ദില്ലി:  ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് പെയ്മന്റ് ഗേറ്റ്‌വേ റെയില്‍വേ വിലക്കി.

കണ്‍വീനയന്‍സ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ബാങ്കുകളുടെ പേമെന്റ് ഗെറ്റ് വേ എടുത്തുകളഞ്ഞത്. നേരത്തെ 20 രൂപ കണ്‍വീനയന്‍സ് ഫീസായി റെയില്‍വേ ഈടാക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ഫീസ് എടുത്തു കളയുകയായിരുന്നു.

ഇതിന്റെ നഷ്ടം ബാങ്കുകളും റെയില്‍വേയും ഒരുമിച്ച് വഹിക്കുമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇതിന് ബാങ്കുകള്‍ തയ്യാറാകാത്തതോടെയാണ് ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ ഓവര്‍സീസ് ബാങ്ക്, കനറാ, യു.ടി.ഐ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കാണ് ഗേറ്റ് വേ സംവിധാനമുള്ളത്.

പെയ്‌മെന്റ് ഗേറ്റ് വേ വിലക്കിയ എസ്.ബി.ഐ അടക്കമുള്ള മറ്റ് ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇതില്‍ ചില ബാങ്കുകളുടെ ഗേറ്റ് വേ വഴി പേയ്‌മെന്റ് നടത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ മറ്റു കാര്‍ഡുകളുടെ  പേയ്‌മെന്റിന് അനുമതിയുള്ള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. സംഭവത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങല്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ റെയില്‍ പരിഹാരത്തിനായി ഒരു ഫോര്‍മുല മുന്നോട്ട് വച്ചിരിക്കുകയാണിപ്പോള്‍.

1000 രൂപവരെയുള്ള ഇടപാടുകള്‍ അഞ്ച് രൂപയുടെ ഇളവും 1001 രൂപ മുതല്‍ 2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് പത്ത് രൂപയുടെ ഇളവും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനത്തില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് ബാങ്കുകള്‍  ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

click me!