ബ്രിക്സില്‍ ചൈനക്കെതിരെ ഇന്ത്യക്ക് വിജയം; പാക് ഭീകരസംഘടനകളെ പേരെടുത്ത് വിമര്‍ശിച്ച് പ്രമേയം

By Web DeskFirst Published Sep 4, 2017, 11:57 PM IST
Highlights

പാക് ഭീകരസംഘടനകളെ പേരെടുത്ത് വിമര്‍ശിച്ചും ഭീകരവാദത്തെ അപലപിച്ചും ബ്രിക്‌സ് ഉച്ചകോടി പ്രമേയം പാസാക്കി. ചൈനയുടെ എതിര്‍പ്പ് മറികടന്ന് ഇന്ത്യ കൊണ്ടുവന്ന പ്രമേയത്തെ ചൈന ഉള്‍പ്പെടെയുള്ള അംഗ രാജ്യങ്ങള്‍ പിന്തുണച്ചു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൂടിക്കാഴ്ച നടത്തും.

പാകിസ്ഥാന്‍ മണ്ണിലേതടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉന്നയിക്കേണ്ട വേദിയല്ല ബ്രിക്‌സ് ഉച്ചകോടിയെന്നായിരുന്നു ചൈനയുടെ മുന്‍ നിലപാട്. ഉച്ചകോടിയുടെ ആദ്യദിനം തന്നെ ഭീകരതയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്ന ഇന്ത്യ, പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ ത്വയ്ബ, ജെയ്ഷ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ നിലപാടിനെ മറ്റ് അംഗരാജ്യങ്ങളും പിന്തുണച്ചതോടെ പ്രമേയത്തില്‍ ഒപ്പുവയ്‌ക്കാന്‍ ചൈനയും നിര്‍ബന്ധിതരായി.  ഐകകണ്ഠ്യേന പ്രമേയം പാസായതോടെ ഇന്ത്യയുടെ നയതന്ത്ര നീക്കം വിജയമായി,

ആഗോള ഭീകരവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖയ്ദ, താലിബാന്‍, എന്നിവയേയും പ്രമേയം പേരെടുത്ത് വിമര്‍ശിച്ചു. ഭീകരത എന്തിന്റെ പേരില്‍, ആര് നടത്തിയാലും ന്യായീകരണമില്ലെന്നും യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും പ്രമേയം നിര്‍ദ്ദേശിച്ചു. പ്രമേയത്തില്‍ പാകിസ്ഥാന്റെ പേരില്ല.   ഉച്ചകോടിക്കിടയിലെ പ്ലീനറി സമ്മേളനത്തില്‍ പാകിസ്ഥാനും ഭീകരവാദവും പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരതയ്‌ക്കെതിരെ പ്രമേയം കൊണ്ടുവന്നത്. നാളെ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രധാനമന്ത്രി ഭീകരാവാദം, ദോക്ലാം അതിര്‍ത്തി പ്രശ്നം എന്നീ വിഷയങ്ങള്‍ ഉന്നയിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുചിനുമായും മോദി കൂടിക്കാഴ്ച്ച നടത്തി. ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തെ അപലപിച്ചും ബ്രിക്‌സ് ഉച്ചകോടി പ്രമേയം പാസാക്കി. 

click me!