പലായനം ചെയ്ത 30,000ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മ്യാന്‍മാര്‍ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നു

By Web DeskFirst Published Sep 4, 2017, 11:39 PM IST
Highlights

ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ 30,000ത്തോളം പേര്‍ മ്യാന്‍മാര്‍ മലനിരകളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഭക്ഷണവും മരുന്നുമില്ലാതെ റോഹിങ്ക്യന്‍ ജനത വലയുന്നതിന്റെ ദൃശ്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അതേസമയം, ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി.

മ്യാന്‍മാര്‍ സൈന്യവും ബുദ്ധമത വിഭാഗക്കാരും നടത്തുന്ന വംശീയാക്രമണങ്ങളെത്തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ മ്യാന്‍മാറിലെ മലനിരകളില്‍ വലയുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് മനുഷ്യാവകാശ സംഘടനയായ  ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തുവിട്ടത്. അഭയാര്‍ഥികള്‍ക്ക് ഐക്യരാഷ്‌ട്രസഭ നല്‍കുന്ന സഹായം മ്യാന്‍മാര്‍ സര്‍ക്കാര്‍ വിലക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. റോഹിങ്ക്യന്‍ വിഭാഗത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രസിഡന്റ് ആങ് സാങ് സൂചി നടപടിയെടുക്കണമെന്ന് ഐക്യരാഷ്‌ട്ര സംഘടനയും നൊബേല്‍ സമ്മാന ജേതാവ് മലാലയ യൂസഫ് സായിയും ആവശ്യപ്പെട്ടു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഓഗസ്റ്റ് 25ന് ശേഷം 80,000ത്തോളം റോഹിങ്ക്യന്‍ വിഭാഗക്കാര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് കണക്ക്. 

മ്യാന്‍മാര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നാഫ് നദിയിലെ ശക്തമായ ഒഴുക്കും ദുര‍ഘടമായ പാതയും റോഹിങ്ക്യന്‍ വിഭാഗത്തിന്റെ പലായനത്തിന് തടസമാകുന്നുണ്ട്. സൈന്യത്തിന്റെ വെടിവയ്പ്പിലും മറ്റും 400ലേറെ പേരാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുളള ശ്രമത്തിനിടെ ബോട്ട് മറിഞ്ഞ് കുട്ടികളുള്‍പ്പെടെ 26 പേര്‍ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 25ന് റോഹിങ്ക്യന്‍ വിഘടനവാദികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് 12 പൊലീസുകാരെ വധിച്ചതിനെത്തുടര്‍ന്നാണ് മ്യാന്‍മാറിലെ റഖൈന്‍ മേഖലയില്‍ കലാപം തുടങ്ങിയത്. അതേസമയം, ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. അഭയാര്‍ത്ഥികളായ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മ്യാന്‍മറില്‍ നിന്ന് രക്ഷപെട്ടെത്തിയ തങ്ങളെ ഇന്ത്യ അഭയാര്‍ത്ഥികളായി സ്വീകരിച്ചതാണെന്നും നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 

click me!