ഖത്തറിൽ ഇനി ഇന്ത്യക്കാർക്കും ഓൺ അറൈവൽ വിസ

By Web DeskFirst Published Sep 1, 2016, 7:31 PM IST
Highlights

ദോഹ: ഖത്തറിൽ ഇനി ഇന്ത്യക്കാർക്കും ഓൺ അറൈവൽ വിസ ലഭിക്കും.ആഭ്യന്തരമന്ത്രാലയത്തിന്റെ സാങ്കേതികസംവിധാനങ്ങൾ പൂർത്തിയായാൽ ആഴ്ചകൾക്കകം വിസകൾ അനുവദിച്ചു തുടങ്ങുമെന്ന് ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽബേക്കർ അറിയിച്ചു. നിലവിൽ യു.എസ്, യു.കെ, ഫ്രാൻസ്, ഇറ്റലി, തുടങ്ങി 33 രാജ്യങ്ങൾക്കാണ് ഖത്ത ഓൺ അറൈവൽ വിസ അനുവദിക്കുന്നത്.

ഇതിനുപുറമെ ജിസിസി രാജ്യങ്ങളിലെയും തുർക്കിയിലെയും പൗരന്മാർക്ക് വിസയില്ലാതെതന്നെ രാജ്യത്ത് പ്രവേശിക്കാനാവും. ജിസിസി രാജ്യങ്ങളിൽ റസിഡൻസി വിസയുള്ള 201 വിഭാഗങ്ങളിൽപെടുന്ന പ്രൊഫഷനലുകൾക്കും ഓൺ അറൈവൽ വിസ നൽകിവരുന്നുണ്ട്. ഒരുമാസത്തെ കാലാവധിയുള്ളതായിരിക്കും  ഇത്തരം വിസകൾ. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് നേരത്തെയുള്ള 33 രാജ്യങ്ങൾക്ക്പുറമെ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാർക്കുകൂടി ഓണ്‍ അറൈവൽ വിസകൾ അനുവദിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഇതനുസരിച്ച് ഇന്ത്യയിൽനിന്ന് ഓൺലൈൻവഴി അപേക്ഷിക്കുന്നവർക്ക് 48 മണിക്കൂറിനകം വിസ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈൻവഴി പരിശോധിക്കാനും സംവിധാനമുണ്ടാവും. ഓൺലൈൻ വിസ സംവിധാനത്തിനായി വിസ പ്രോസസിംഗ് സ്ഥാപനമായ വിഎഫ്എസ് ഗ്ലോബലുമായി ഖത്തർ എയർവെയ്സും ആഭ്യന്തര മന്ത്രാലയവും കരാറിൽ ഒപ്പുവെച്ചു.

ഓൺ അറൈവൽ വിസ സംവിധാനം നടപ്പിലാകുന്നതോടെ മലയാളികൾക്ക്ഒരുമാസത്തേക്കാണെങ്കിലും കുടുംബത്തെ കൊണ്ടുവരാൻ എളുപ്പമാകും. ഇതിനായി  വാടകകരാർ നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ പകർപ്പുകൂടി കുടുംബാംഗങ്ങളെകൊണ്ടുവരുന്നതിനുള്ള അപേക്ഷയോടൊപ്പം വെച്ചാൽ മതിയാവും. നിലവിൽ ട്രാവൽ ഏജൻസികൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് പലരും കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള സന്ദർശക വിസ സംഘടിപ്പിക്കുന്നത്. ഒരു വിസയിൽ ചുരുങ്ങിയത് 200 ഖത്തർ റിയാലെങ്കിലും അധികം ഈടാക്കിയാണ് ട്രാവൽ ഏജന്റുമാർ ഇത്തരം വിസകൾ നൽകുന്നത്. ഓൺ അറൈവൽ വിസകൾ അനുവദിക്കുന്നതോടെ സന്ദർശക വിസകൾ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാകും.

 

click me!