സംസ്ഥാനത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം ആരംഭിക്കുന്നു. വിവിധ തലങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും പ്രശസ്തിപത്രവും ലഭിക്കും.
തിരുവനന്തപുരം: സ്‌കൂൾ, കോളേജ് തല മൽസരങ്ങൾ വിദ്യാർത്ഥികളിൽ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂൾ തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നൽകും.
കോളേജ് തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഇതിന് പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികൾക്ക് സമ്മാനമായി നൽകും. സ്‌കൂൾ വിഭാഗത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം.
സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരങ്ങൾ. കോളേജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരണം ജനുവരി 12 മുതൽ ക്വിസ് മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾ നൽകുന്ന കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ പരിപാടി സംഘടിപ്പിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം അണിനിരക്കുന്ന അറിവിന്റെ മഹോത്സവമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മാറും


