ശബരിമല സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധമുള്ള കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി ഡി മണിയെ എസ്ഐടി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധമുള്ള കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി ഡി മണിയെ എസ്ഐടി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്ന് രാവിലെ 10.30ക്കാണ് മണിയും സഹായിയായ ബാലമുരുകനും എസ്ഐടി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടു. ഉച്ചയോടെയാണ് മണിയുടെ മറ്റൊരു സഹായിയായ ശ്രീകൃഷ്ണൻ ഹാജരായത്. രാത്രിയോടെയാണ് മൂന്നുപേരെയും വിട്ടയച്ചത്. മണിയെ എഡിജിപി എച്ച്.വെങ്കിടേശ് രാവിലെ ചോദ്യം ചെയ്തു. തുടര്‍ന്ന് എസ്ഐടി അംഗങ്ങള്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ആറു വ‍ർഷമായി ഡി മണിക്കുണ്ടായ സാമ്പത്തിക വളർച്ച അടക്കം എസ്ഐടി ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഡി മണിക്കുള്ള ബന്ധം തെളിയിക്കപ്പെട്ടാൽ ശബരിമല കേസിൽ അത് നിർണായകമായമാകും. ഇതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രമുഖ സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്ത വിവരവും ഇന്ന് പുറത്തുവന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നിർണ്ണായക ചോദ്യം ചെയ്യൽ. 

ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമെങ്കിലും സ്വർണം പൂശൽ പോറ്റിയെ ഏല്പിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിൽ ഇടപെട്ടില്ലെന്നാണ് കടകംപള്ളിയുടെ മൊഴി. ഏഷ്യാനെറ്റ് ന്യൂസാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ വിവരം പുറത്തുവിട്ടത്. അന്വേഷണം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായി. ശനിയാഴ്ച രണ്ടു മണിക്കൂറാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. കൊള്ളയിലെ പ്രധാനപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കടകംപള്ളിയും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന പല ഫോട്ടോകൾ ഇതിനോടകം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെകുറിച്ചാണ് എസ്ഐടി കടകംപള്ളിയോട് പ്രധാനമായും ചോദിച്ചത്.

സ്പോൺസർ എന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും എന്നാൽ, ഇടപാടുകളിൽ പങ്കില്ലെന്നാണ് കടകംപള്ളിയുട മൊഴിയെന്നാണ് വിവരം. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തിൽ ദേവസ്വം മന്ത്രി എന്ന നിലയിൽ ഇടപെട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. എസ്ഐടിക്ക് മുന്നിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കടകംപള്ളി വിശദീകരിച്ചു. ചോദ്യം ചെയ്യൽ വിവരം പുറത്തുവന്നശഷവും കൂടുതൽ പരസ്യ പ്രതികരണത്തിന് കടകംപള്ളി സുരേന്ദ്രൻ തയ്യാറായിട്ടില്ല. കടകംപള്ളിയുടെ കഴക്കൂട്ടം മണ്ഡലത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ വീട് നിർമ്മാണം നടന്നിരുന്നു. ഇരുവരും തമ്മിൽ ബന്ധമുണ്ടെങ്കിലും കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടോ എന്നതാണ് അറിയേണ്ട നിർണായക വിവരം. 2019ൽ പത്മകുമാർ പ്രസിഡന്‍റായ ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയപ്പോള്‍ കടകംപള്ളിയായിരുന്നു ദേവസ്വം മന്ത്രി. ആദ്യത്തെ വീഴ്ചക്കുശേഷവും കഴിഞ്ഞ ബോർഡിന്‍റെ കാലത്ത് വീണ്ടും ദ്വാരപാലകപാളികൾ പോറ്റിക്ക് കൈമാറിയതിലാണ് മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായ പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്തത്. കോടതി അനുമതിയില്ലാതയുള്ള നടപടി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്നതോടെയാണ് രാജ്യം ചർച്ച ചെയ്യുന്ന സ്വർണക്കൊള്ള ലോകമറിയുന്നത്.

കുരുക്ക് മുറുക്കി പ്രതിപക്ഷം, കൂടുതൽ പ്രതിരോധത്തിലായി സിപിഎം

സ്വര്‍ണക്കൊള്ള കേസില്‍ വ്യാപകമായി പഴികേട്ട് നിന്ന സിപിഎം, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്തതോടെ കൂടുതല്‍ പ്രതിരോധത്തിലായി. ഇനിയും വന്‍തോക്കുകളുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോള്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന ദുര്‍ബല പ്രതിരോധം മാത്രമാണ് സിപിഎമ്മിനുള്ളത്. കൊള്ളയിലെ അന്താരാഷ്ട്ര ബന്ധം കൂടി ചൂണ്ടിക്കാണിച്ച് സിബിഐ അന്വേഷണാവശ്യവും ശക്തമാക്കുകയാണ് പ്രതിപക്ഷം. ശബരിമല സ്വര്‍ണക്കൊള്ളയിൽ ഇതിനോടകം എ പത്മകുമാര്‍, എൻ വാസു, വിജയകുമാര്‍ എന്നീ പാര്‍ട്ടിയിലെ പ്രമുഖര്‍ ജയിലിലായി കഴിഞ്ഞു. മുൻ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ ലക്ഷ്യം വെച്ചാണ് ആദ്യം മുതല്‍ പ്രതിപക്ഷം നീങ്ങുന്നത്. 

ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി അറിയാതെ ഒന്നും നടക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പ്രതിപക്ഷം കുരുക്ക് മുറുക്കി കൊണ്ടിരുന്നു. അന്വേഷണം വേണ്ട രീതീയില്‍ നടക്കുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശം കൂടി വന്നതോടെ പ്രതിപക്ഷം പറഞ്ഞത് ശരിയായെന്ന പ്രചരണമുണ്ടായി. സ്വര്‍ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഐ വിലയിരുത്തിയപ്പോള്‍ എതിര്‍ത്ത് നിന്ന സിപിഎം, സംസ്ഥാന സമിതിക്കുശേഷം നിലപാട് മാറ്റി. സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള പ്രതിപക്ഷ പ്രചാരണം തിരിച്ചടിയായെന്നായിരുന്നു സിപിഎമ്മിന്‍റെ കണ്ടെത്തല്‍. ഇതിനിടെയാണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തെന്ന വാര്‍ത്ത ഇടിത്തീപോലെ വന്നു വീണത്. കുറ്റക്കാരെല്ലാം നിയമത്തിന് മുന്നില്‍ വരുമെന്നും എസ്ഐടി നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നുമാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്. എന്നാല്‍ സിപിഎം ഉന്നതനെ ചോദ്യം ചെയ്ത സാഹചര്യത്തെ കുറിച്ചോ പത്മകുമാറടക്കം സിപിഎം നേതാക്കള്‍ ജയിലിലായതിനെ കുറിച്ച പ്രതിപക്ഷാരോപണത്തെ കുറിച്ചോ പി രാജീവ് പ്രതികരിച്ചില്ല.

YouTube video player

YouTube video player