90 ഡോളറിന് വേണ്ടി നടത്തിയത് ലോകത്തെ ഞെട്ടിച്ച കൊല

By Web DeskFirst Published Feb 26, 2017, 6:50 AM IST
Highlights

ക്വാലലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ സഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയതില്‍ പുതിയ വെളിപ്പെടുത്തലുമായി മലേഷ്യന്‍ പോലീസ്. വെറും 90 ഡോളറിനാണ് കൊലപാതകം ആസൂത്രണം ചെയ്തവര്‍ മുഖ്യ കൊലയാളിയെ കണ്ടെത്തിയത് എന്നാണ് മലേഷ്യന്‍ പോലീസ് പറയുന്നത്.

സ്വിറ്റി അയ്ഷ എന്ന പിടിയിലായ പെണ്‍കുട്ടി ഇത് സമ്മതിച്ചതായി മലേഷ്യന്‍ പോലീസ് പറയുന്നു. ഒരു ടിവി ഷോയ്ക്ക് വേണ്ടിയുള്ള ഷൂട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വിറ്റിയെ കൊണ്ട് കിം ജോങ് നാമിന്‍റെ മുഖത്ത് വിഷം തളിച്ചത് എന്നാണ് പോലീസ് പറയുന്നത്. 

നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് 'വിഎക്‌സ്' എന്ന വിഷമുള്ള രാസപദാര്‍ത്ഥമെന്ന് മലേഷ്യ സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച പുറത്തു വിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം വന്നിരിക്കുന്നത്. വളരെ ചെറിയ അളവില്‍ ശരീരത്തില്‍ എവിടെയെങ്കിലും പുരട്ടിയാല്‍ പോലും മരണം സംഭവിച്ചേക്കാവുന്ന രാസവസ്തുവാണ് 'വിഎക്‌സ്'. കൂട്ടക്കൊലയ്ക്ക് ഉപയോഗിക്കുന്ന ആയുധമായാണ് ഇതിനെ യു.എന്‍ വിശേഷിപ്പിക്കുന്നത്. 

മക്കാവുലേയ്ക്കുള്ള യാത്രയ്ക്കിടെ ഈ മാസം 13 ന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. 
ഇന്തൊനേഷ്യയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള രണ്ട് യുവതികള്‍ ദ്രവരൂപത്തിലുള്ള വിഷപദാര്‍ത്ഥം നാമിന്റെ മുഖത്ത് തേയ്ക്കുകയായിരുന്നു. എന്നാല്‍, ഈ വിഷ പദാര്‍ത്ഥം എന്താണെന്ന് അറിയില്ലെന്നും കൃത്യത്തിനു ശേഷം കൈ നന്നായി കഴുകണമെന്നായിരുന്നു തങ്ങള്‍ ലഭിച്ചിരുന്ന നിര്‍ദേശമെന്നുമായിരുന്നു പിടിയിലായ യുവതികളുടെ മൊഴി.

ഉത്തരകൊറിയന്‍ ചാരസംഘടനയാണ് കൊല നടത്തിയതെന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം. നാമിനെ വിമാനത്താവളത്തില്‍ വച്ച് ആക്രമിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

click me!