
ആലപ്പുഴ: ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ.) ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവമോർച്ച യോഗത്തിൽ ശ്രീധരൻപിള്ള നടത്തിയ വെളിപ്പെടുത്തൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണ്.
സുപ്രീം കോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്‍റെ നിർദ്ദേശപ്രകാരമാണെന്ന് ബിജെപി അധ്യക്ഷൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഈ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എൻ.എൽ ഭാരവാഹികൾ പറഞ്ഞു.
‘ശബരിമല നമുക്ക് നല്ല അവസരമാണ്’ എന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവന കേരളം ഞെട്ടലോടെയാണ് കേട്ടത്. സംസ്ഥാനത്ത് വർഗ്ഗീയകലാപം ഉണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള ഉദ്ദേശമാണ് അദ്ദേഹം ഈ പ്രസംഗത്തിലൂടെ വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമാണ് തങ്ങളുടെ പഴയ നിലപാട് മാറ്റി, യുവതി പ്രവേശനത്തിനെതിരെയും സുപ്രീംകോടതിക്കെതിരെയും ബിജെപി കലാപശ്രമം നടത്തുന്നതെന്ന് ഇതോടെ വ്യക്തമായികഴിഞ്ഞിരിക്കുയാണ്. നിഷ്‌കളങ്കരായ മുഴുവൻ ഭക്തരും മതേതരവിശ്വാസികളും രാഷ്ട്രീയഗൂഢാലോചന തിരിച്ചറിഞ്ഞ് ഛിദ്രശക്തികളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് ഐഎന്‍എല്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam