
ദില്ലി: പ്രതിരോധ രംഗത്ത് നിർണ്ണായക ശേഷി കൈവരിച്ച് ഇന്ത്യ. കടലിൽ എവിടെ നിന്നും ആണവശേഷിയുള്ള ബാലിസ്റ്റിസ് മിസൈൽ തൊടുക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിഹന്ത് സേനയുടെ ഭാഗമായി. ഇതോടെ കരയിൽ നിന്നും ആകാശത്തു നിന്നും കടലിൽ നിന്നും ആണവായുധം തൊടുക്കാനുള്ള ശേഷി ഇന്ത്യക്ക് സ്വന്തമായി.
ശത്രുക്കളിൽ നിന്ന് 130 കോടി ജനങ്ങളെ സംരക്ഷിക്കാനുള്ള നിർണ്ണായക ശേഷി ഇന്ത്യയ്ക്കായെന്നന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യക്കെതിരെ ആരുടെയും ഭീഷണിയും സാഹസവും ഇനി വേണ്ടെന്നും മോദി മുന്നറിയിപ്പ് നല്‍കി. ന്യക്ലിയർ ട്രയാഡ് അഥവാ അണവത്രയം ഇന്ത്യ കൈവരിച്ചു എന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും വ്യക്തമാക്കി.
ആണവായുധ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത് വിജയകരമായി പട്രോളിംഗ് പൂർത്തിയാക്കി. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിസ് മിസൈൽ അരിഹന്തിൽ നിന്ന് തൊടുക്കാനാവും. അമേരിക്ക, റഷ്യ, ഫ്രാൻസ്, യുകെ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് നേട്ടം വിലയിരുത്തി.
കടലിൽ നിരീക്ഷണസംവിധാനങ്ങളുടെ കണ്ണിൽ പെടാതെ ഒളിച്ചിരുന്ന് മിസൈൽ തൊടുക്കാൻ അരിഹന്തിനാവും. ശത്രു രാജ്യങ്ങളുടെ തീരത്തിനടുത്തെത്തി മിസൈൽ തൊടുക്കാം എന്ന പ്രത്യേകതയുമുണ്ട്. 2015ൽ ഇതേ സംവിധാനം പരീക്ഷിച്ച ചൈനയ്ക്കും ഇന്ത്യ മറുപടി നല്‍കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam