സോളാറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തുറന്നടിച്ച് വി.ഡി സതീശന്‍

By Web DeskFirst Published Oct 17, 2017, 9:11 PM IST
Highlights

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ആരോപണ വിധേയര്‍ക്ക് ഹൈക്കമാന്റ് പിന്തുണയുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ വാദവും സതീശന്‍ തള്ളി. വി.ഡി സതീശനെതിരെ എം.എം ഹസ്സനും കെ മുരളീധരനും രംഗത്തെത്തി. എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുമുണ്ട്

സോളാര്‍ കേസ് ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ച നേതാക്കളിലൊരാളാണ് വി.ഡി സതീശന്‍. ആരോപണം ഗൗരവുമുള്ളതുതന്നെ എന്ന നിലപാട് സതീശന്‍ തുറന്നടിച്ചു. കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ഹൈക്കമാന്റ് ചെയ്തതെന്നും അത് ആരോപണ വിധേയര്‍ക്കുള്ള പിന്തുണയല്ലെന്നും വി.ഡി സതീശന്‍ വിശദീകരിച്ചു. രാഷ്‌ട്രീയകാര്യ സമിതി ഉടന്‍ വിളിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം സോളാര്‍ കേസ് രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ  കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ഹൈക്കമാന്റിന്റെ പിന്തുണയുണ്ടെന്ന വാദം ആവര്‍ത്തിച്ച് വി.ഡി സതീശനെ തിരുത്തി. സതീശന്റെ നിലപാടിനോട് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല .ഉമ്മന്‍ചാണ്ടിയെ ന്യായീരിച്ച കെ മുരളീധരന്‍ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ അപ്രസക്തമാണെന്ന് പറഞ്ഞ് സതീശനെതിരെ തുറന്നടിച്ചു.

സോളാറില്‍ പുകയുകയാണ് കോണ്‍ഗ്രസ്. വി.ഡി സതീശന്റെ നിലപാടില്‍ എ ഗ്രൂപ്പിന് കാര്യമായ അതൃപ്തിയുണ്ട്. ആരോപണം ഗൗരവമുള്ളതാണെന്ന്  പറയുന്നവര്‍ റിപ്പോര്‍ട്ട് പരസ്യമാക്കാത്ത സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിക്കുകയാണെന്ന് മറുവാദം. എ.ഐ ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കള്‍ സോളാര്‍ കേസില്‍ ഉള്‍പ്പെട്ടതുകൊണ്ടുതന്നെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പുതിയ ചേരിതിരിവും പ്രകടമാണ്.

click me!