വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യം

By Web DeskFirst Published Nov 25, 2017, 11:26 AM IST
Highlights

ദില്ലി: അമിത്ഷാ പ്രതിയായ ഷൊറാബുദ്ദീന്‍ ഷേക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനായി സമ്മര്‍ദ്ദം ശക്തമാകുന്നു. എസ്.ഐ.ടി അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി റിട്ട. ജസ്റ്റിസ് എ.പി.ഷ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
 
ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊറാബുദ്ദീന്‍ ഷേക് വ്യാജ ഏറ്റിമുട്ടല്‍ കേസിന്റെ വിചാരണക്കിടെയാണ് നാഗ്പ്പൂരിലെ വി.ഐ.പി ഗസ്റ്റ്ഹൗസില്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അമിത്ഷാ തുടര്‍ച്ചയായി ഹാജരാകാത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അമിത്ഷാ കോടതിയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിടുകയും ചെയ്തതിന് ശേഷമായിരുന്നു ജഡ്ജിയുടെ ദൂരൂഹ മരണം.

കേസില്‍ അമിത്ഷക്ക് അനുകൂലമായി വിധി പറയാന്‍ ബി.എച്ച്. ലോയക്ക് അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായുള്ള വെളിപ്പെടുത്തലുകളും പുറത്തുവരുന്നു. 2014 ഡിസംബര്‍ 30നകം കേസില്‍ അനുകൂല വിധി പറയണമെന്നും പണമല്ലെങ്കില്‍ ആവശ്യത്തിന് ഭൂമി നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നുവെന്ന് മരിച്ച ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. 

ഈ സാഹചര്യത്തില്‍ ജഡ്ജിയുടെ മരണത്തെ കുറിച്ച് ഗൗരമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി റിട്ട. ജസ്റ്റിസ് എ.പി.ഷാ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബി.എച്ച്. ലോയയുടെ മൃതദേഹത്തിനരികില്‍ കണ്ടെത്തിയ ചോരപ്പാടുകള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ തിരുത്തലുകള്‍ ഇതൊക്കെ ഉണ്ടായിട്ടും കൃത്യമായി അന്വേഷണം നടന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. ഇതേകുറിച്ച് അന്വേഷിക്കാന്‍ എസ്.ഐ.ടി രൂപീകരിക്കണമെന്നും ജസ്റ്റിസ് എ.പി.ഷാ ആവശ്യപ്പെടുന്നു.
 

click me!