ഇമാമിനെതിരായ പോക്സോ കേസ്; പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് നേരെയും അന്വേഷണം

By Web TeamFirst Published Feb 15, 2019, 9:55 AM IST
Highlights

ഇമാമിനെതിരെ മൊഴി നൽകാതിരിക്കാൻ അമ്മയും ഇളയച്ചനും നിർബന്ധിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം

തിരുവനന്തപുരം: പ്രായപൂ‍ർത്തിയാകാത്ത പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിം തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ് അന്വേഷണം. ഇമാമിനെതിരെ മൊഴി നൽകാതിരിക്കാൻ അമ്മയും ഇളയച്ചനും നിർബന്ധിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം കീഴടങ്ങാനായി ഇമാമിന് മേൽ പൊലീസ് സമ്മർദ്ദം ശക്തമാക്കി.

പീഢന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകാൻ തയാറായിരുന്നില്ല. മൂന്ന് ദിവസം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കൗൺസിലിംഗ് നൽകിയ ശേഷമാണ് പെൺകുട്ടി മൊഴി നൽകിയത്. ഉമ്മയും ഇളയച്ചനും മൊഴി നൽകുന്നത് വിലക്കിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പ് ഡി അശോകൻ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളിൽ നിന്നും വിശദമായ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.

മുമ്പും ഇമാമിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.പീഢനം നടന്ന പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൊണ്ടുപോയി ഇന്നലെ വൈകീട്ട് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കോട്ടയം എറണാകുളം ജില്ലകളിലെവിടെയോ ഇമാം ഒളിവിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുൻപ് കീഴടങ്ങാൻ വക്കീൽ മുഖാന്തരം ഇമാമിന് അന്ത്യശാസനം നൽകിയിട്ടുണ്ട്. 
 

click me!