ഞങ്ങൾ കുളിച്ചിട്ട് ഒരാഴ്ചയായി, ഇങ്ങനെയായാൽ എങ്ങനെ കുട്ടികളെ സ്കൂളിലയക്കും; അട്ടപ്പാടി നിവാസികള്‍ ചോദിക്കുന്നു

By Web TeamFirst Published Feb 15, 2019, 7:32 AM IST
Highlights

കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളം കിട്ടുന്നില്ലെന്ന് അംഗനവാടി ടീച്ചർ സജിത

അട്ടപ്പാടി: വർഷങ്ങളായി  കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ കോട്ടമേട് ആദിവാസി ഊരുനിവാസികൾ.  ജലവിതരണ സംവിധാനങ്ങളൊന്നുമില്ലാതെ വർഷങ്ങളായി ഇവർ ദുരിതമനുഭവിക്കുകയാണ്.

പരാതികൾ പറ‍ഞ്ഞും വാഗ്ദാനങ്ങൾ കേട്ടും മടുത്തവരാണ് അട്ടപ്പാടി കോട്ടമേട് ഊരുവാസികൾ. മാസത്തിൽ ഒരിക്കൽ മാത്രം അതും  അരമണിക്കൂർ പെപ്പിലൂടെ എത്തുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്വാസം. 35 കുടുംബങ്ങളിലായി 80 ഓളം ആദിവാസികൾ താമസിക്കുന്ന സ്ഥലത്ത് അരമണിക്കൂർ മാത്രം കിട്ടുന്ന വെള്ളം ഒന്നിനും തികയില്ല.

ഊരിലെ അംഗനവാടിയുടെ പ്രവർത്തനവും ജലക്ഷാമം മൂലം പ്രതിസന്ധിയിലാണ്. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളം കിട്ടുന്നില്ലെന്ന് അംഗനവാടി ടീച്ചർ സജിത പറയുന്നു.

രണ്ടു മലകൾ താണ്ടി അഞ്ച് കിലോമീറ്റർ  നടന്നാണ്  ഇവർ  വെള്ളം ശേഖരിക്കുന്നത്. കുടിക്കാനുള്ള വെള്ളം ആഴ്ച്ചയിൽ  ഒരിക്കലെങ്കിലും  എത്തിയാൽ മതിയെന്ന ചെറിയ ആവശ്യം മാത്രമാണ് ഇവർ ഉന്നയിക്കുന്നത്. അതേസമയം കുടിവെളള ലഭ്യത കുറവാണെന്നും പുതിയ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് പറയുന്നത്.
 

click me!