നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന്റെ യോഗം തുടങ്ങി

By Web DeskFirst Published Oct 19, 2017, 9:13 PM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘത്തിന്റെ യോഗം കൊച്ചിയില്‍ തുടങ്ങി. എറണാകുളത്തിലെ പൊലീസ് സേഫ് ഹൗസിലാണ് അന്വേഷണ സംഘം യോഗം ചേരുന്നത്. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനും പങ്കെടുക്കുന്നുണ്ട്.

ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് യോഗം മറ്റൊരിടത്തേക്ക് മാറ്റിയത്. കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന‍. ദിലീപിനെ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ ആക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം വഴിതെറ്റിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ രേഖ ചമച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്‍ പേഷ്യന്റായി അഡ്മിഷന്‍ നേടിയെങ്കിലും ദിലീപ് വീട്ടില്‍ പോയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് ആശുപത്രി അധികൃതരും സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നുവെന്ന് അവകാശപ്പെടുന്ന ദിലസങ്ങളില്‍ ദിലീപ് ചില ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ അസുഖബാധിതനായിരുന്നതിനാല്‍ അന്ന് ആരോടും സംസാരിച്ചില്ലെന്നും പിറ്റേ ദിവസം രാവിലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞതെന്നുമാണ് ദിപീപ് പറഞ്ഞിരുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞും ദിലീപ് ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

click me!