പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള നിശ്ചിത വിഭാഗങ്ങൾക്കാണ് ഈ സംവിധാനം ബാധകമെന്നും പീക്ക് സമയത്തെ ഉപയോഗം കുറച്ചാൽ ബിൽ ഗണ്യമായി കുറയ്ക്കാമെന്നും ബോർഡ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്കിടയിൽ ടിഒഡി ബില്ലിംഗിനെക്കുറിച്ച് നിലനിൽക്കുന്ന ആശങ്കകൾ വെറുതെയെന്ന് കെഎസ്ഇബി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വസ്തുതാവിരുദ്ധമാണെന്നും നിലവിൽ നിശ്ചിത വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും ബോർഡ് അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും ഈ സംവിധാനമില്ല. താഴെ പറയുന്നവർക്ക് മാത്രമാണ് നിലവിൽ ടിഒഡി ബില്ലിംഗ് ബാധകം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഗിക ഉപഭോക്താക്കളാണി ഇതിൽ പെടുന്നത്. 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള വ്യാവസായിക ഉപഭോക്താക്കളാണ് മറ്റൊരു വിഭാഗം. ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ (റെയിൽവേ, വാട്ടർ അതോറിറ്റി ഒഴികെ) ഉള്ളവയാണ് മറ്റു വിഭാഗങ്ങൾ.

സമയക്രമവും നിരക്കിലെ മാറ്റവും

ദിവസത്തെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ബില്ലിംഗ് കണക്കാക്കുന്നത്. നോർമൽ സോൺ (രാവിലെ 6 - വൈകിട്ട് 6): സാധാരണ നിരക്കിനേക്കാൾ 10ശതമാനം കുറവ്. പീക്ക് ടൈം സോൺ (വൈകിട്ട് 6 - രാത്രി 10): സാധാരണ നിരക്കിനേക്കാൾ 25 ശതമാനം കൂടുതലായിരിക്കും. ഓഫ് പീക്ക് സോൺ (രാത്രി 10 - രാവിലെ 6): സാധാരണ താരിഫ് നിരക്ക്. വ്യാവസായിക ഉപഭോക്താക്കൾക്കും മറ്റും പീക്ക് സമയത്ത് 50ശതമാനം അധിക നിരക്കും ഓഫ് പീക്ക് സമയത്ത് കുറഞ്ഞ നിരക്കും ബാധകമാണ്. പീക്ക് സമയത്തെ വൈകിട്ട് 6 മുതൽ 10 വരെ വൈദ്യുതി ഉപയോഗം മറ്റ് സമയങ്ങളിലേക്ക് അല്പമെങ്കിലും മാറ്റിയാൽ ബില്ലിൽ വലിയ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. സാധാരണ മീറ്ററുകളെ അപേക്ഷിച്ച് ശാസ്ത്രീയമായി വൈദ്യുതി ഉപയോഗം ക്രമീകരിക്കാൻ ടിഒ‍ഡി മീറ്ററുകൾ സഹായിക്കും. നിലവിൽ പകുതിയിലധികം പേർക്കും ഇത്തരം മീറ്ററുകൾ ഉണ്ടെങ്കിലും മേൽപറഞ്ഞ വിഭാഗങ്ങൾക്ക് മാത്രമേ ഈ രീതിയിൽ ബില്ലിംഗ് ചെയ്യുന്നുള്ളൂ എന്നും ബോർഡ് വ്യക്തമാക്കി.