മണ്‍വിള തീപിടിത്തം: മൂന്ന് നാള്‍ കഴിഞ്ഞിട്ടും അപകട കാരണത്തില്‍ അവ്യക്തത

By Web TeamFirst Published Nov 3, 2018, 7:37 AM IST
Highlights

തീ വേഗത്തില്‍ പടരാനുണ്ടായ സാഹചര്യമെന്തെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടം യഥാസമയം ഫയര്‍ഫോഴ്സിനെ അറിയിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ വ്യവസായ ശാലയില്‍ തീപിടുത്തമുണ്ടായി മൂന്നു നാള്‍ കഴിഞ്ഞിട്ടും അപകടത്തിന്‍റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്ന നിഗമനത്തിലാണ് പൊലീസും ഫയര്‍ഫോഴ്സും.

ഫാമിലി പ്ളാസ്റ്റിക്സ് യൂണിറ്റിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും വിവിധ ഏജന്‍സികള്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇത് സംബന്ധിച്ച സൂചനകളൊന്നും കിട്ടിയിട്ടില്ല. ഫാക്ടറിയിലെ ഇലക്ട്രിക് വയറിംഗ് കാര്യക്ഷമമായിരുന്നു എന്നാണ് പൊലീസിന്‍റെയും ഫയര്ഫോഴ്സിന്‍റെയും വിലയിരുത്തൽ.

രണ്ട് മാസം മുമ്പാണ് പുതിയ വയറിംഗ് ചെയ്തതെന്ന് കമ്പനി അധികൃതരും പറയുന്നു. അങ്ങിനെയെങ്കില്‍ തീപിടുത്തത്തിന്‍റെ യഥാര്‍ത്ഥ കാരണമറിയാന്‍ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കേണ്ടി വരും. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രത്യേക സംഘങ്ങള്‍ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന തുടരുകയാണ്.

തീ വേഗത്തില്‍ പടരാനുണ്ടായ സാഹചര്യമെന്തെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടം യഥാസമയം ഫയര്‍ഫോഴ്സിനെ അറിയിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബനന്ധിച്ച് നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. മുമ്പുണ്ടായ തീപിടിത്തത്തെകുറിച്ച് അറിയിച്ചില്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഫാമിലി പ്ലാസ്റ്റിക്സിന് നോട്ടീസ് നല്‍കിയത്. അതേസമയം, അഗ്നിബാധയെത്തുടര്‍ന്ന് മണ്‍വിളയില്‍ കാര്യമായ വായു മലീനികരണം ഉണ്ടായിട്ടില്ലെന്നാണ് ബോർഡിന്‍റെ പ്രാഥമിക നിഗമനം.

click me!