അമേരിക്കയിൽ അതിശൈത്യം; ബിരുദ വിദ്യാർത്ഥി മരിച്ചു

By Web TeamFirst Published Feb 2, 2019, 3:53 PM IST
Highlights

തണുപ്പേറിയതോടെ ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്. ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധിപ്പേര്‍ ഇതിനോടകം തന്നെ ആശുപത്രികളില്‍ ചികിത്സതേടിയെത്തി.

ചിക്കാഗോ: അതി ശൈത്യത തുടർന്ന് അമേരിക്കയില്‍ വിദ്യാര്‍ഥി മരിച്ചു. ലോവ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സ് (18) ആണ് മരിച്ചത്. യൂണിവേഴ്സിറ്റി ക്യാമ്പസിനു  പുറത്ത് അവശനിലയില്‍ കണ്ടെത്തിയ ബെല്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സെഡാര്‍ റാപിഡ്സിലെ വീട്ടിലേക്ക് പോകുന്നവഴി ബെല്‍സ് കുഴഞ്ഞു വീഴുകയായിരുന്നു.  ലോവയില്‍ കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. മൈനസ് 55 ഡിഗ്രിയിലുള്ള ശൈത്യകാറ്റും പ്രദേശത്ത് വീശിയടിച്ചിരുന്നു. ശരീരോഷ്മാവ് കുറയുന്ന അവസ്ഥയായ ഹൗപോതെര്‍മിയ ബാധിച്ച്‌ നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്. കൊടും ശൈത്യത്തെ തുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും  സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അതിശൈത്യം മൂലം 21 പേരാണ് അമേരിക്കയിൽ മരിച്ചത്. പലയിടത്തും ചൂടു നല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. തണുപ്പേറിയതോടെ ഗതാഗതസംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്. ശാരീരിക അവശതകളെ തുടര്‍ന്ന് നിരവധിപ്പേര്‍ ഇതിനോടകം തന്നെ ആശുപത്രികളില്‍ ചികിത്സതേടിയെത്തി.

click me!