ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ ഷെ‍ഹ്‍രാം അമിറിയെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്

By Web DeskFirst Published Aug 7, 2016, 5:03 AM IST
Highlights

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കി ദീര്‍ഘകാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ശേഷമാണ് ഷെ‍ഹ്‍രാം അമിറി ഓര്‍മ്മയായത്. ഇറാന്‍റെ ആണവ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന അമീറി, 2009ല്‍ മക്കയില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയതിന് പിന്നാലെ അപ്രത്യക്ഷനാവുകയായിരുന്നു. തന്നെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് ഷെഹ്‍രാം പിന്നീട് വെളിപ്പെടുത്തിയത് വലിയ കോളിളക്കമുണ്ടാക്കി. 

ഇറാന്‍റെ ആണവരഹസ്യങ്ങളെ കുറിച്ചറിയാനായി സിഐഎ തന്നെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയതായും അമീറി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ  2010ല്‍ അപ്രതീക്ഷിതമായി വാഷിംഗ്ടണിലെ പാക് എംബസിയില്‍ അഭയം തേടിയെത്തിയ  അദ്ദേഹം വീണ്ടും ലോകത്തെ ഞെട്ടിച്ചു.  

നാട്ടിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് 2010ല്‍ നാട്ടില്‍ തിരിച്ചെത്തിയ അമീറിയെ വലിയ സ്വീകരണം ഒരുക്കിയാണ്  ഉദ്യോഗസ്ഥരും കുടുംബാഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചത്. ഈ സന്തോഷം ഏറെ നീളും മുന്പ് തന്നെ അമീറി ഇറാനില്‍ തടവിലാക്കപ്പെട്ടു. 

അമേരിക്കക്ക് ആണവ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന സംശയമായിരുന്നു ഇറാന്‍റെ നടപടിക്ക് പ്രേരണയായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്‍റെ മോചനത്തിന് വേണ്ടി ശ്രമിക്കുന്നതിനിടെയാണ് അമീറിയെ തൂക്കിലേറ്റിയത്. വീട്ടിലെത്തിച്ച മൃതദേഹത്തിന്‍റെ കഴുത്തില്‍ കയര്‍ കുരുക്കിയ പാടുണ്ടെന്ന് അമീറിയുടെ ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്. .ഇറാന്‍റെ നടപടിക്കതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. 

click me!