മനുഷ്യരുമായി 'ഗഗൻയാൻ' 2021-ൽ കുതിച്ചുയരും; തലപ്പത്ത് മലയാളി; സംഘത്തിൽ വനിതകളും

By Web TeamFirst Published Jan 11, 2019, 3:03 PM IST
Highlights

'ഗഗൻയാൻ' എന്ന പദ്ധതിയിലൂടെ മനുഷ്യനെ ബഹികാരാശത്തെത്തിക്കാനായാൽ ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ.

ബംഗലുരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന 'ഗഗൻയാൻ' പദ്ധതി 2021-ൽ യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ. ചാന്ദ്രയാൻ രണ്ട് പര്യവേക്ഷണവാഹനം ഏപ്രിലിൽ വിക്ഷേപിക്കുമെന്നും ഐഎസ്ആ‌ർഒ ബംഗലുരുവിൽ അറിയിച്ചു.

ഇന്ത്യയുടെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ ഐഎസ്ആർഒ ബഹിരാകാശരംഗത്ത് വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ. 'ഗഗൻയാൻ' യാഥാർത്ഥ്യമാകുന്നതോടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവിൽ ചൈനയും റഷ്യയും അമേരിക്കയും മാത്രമാണ് മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിട്ടുള്ളത്.

വനിതകളടങ്ങുന്ന മൂന്നംഗ സംഘത്തെ ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആ‌‌ർഒ  ചെയർമാൻ കെ ശിവൻ വ്യക്തമാക്കി .  ഇതിന് മുന്നോടിയായി 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ആളില്ലാ ദൗത്യങ്ങൾ ബഹിരാകാശത്തേക്കയക്കും. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ഗഗൻയാനി‍ന്‍റെ ചുമതല. ബഹിരാകാശ യാത്രികർക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ത്യയിലും അന്തിമഘട്ട പരിശീലനം റഷ്യയിലുമായിരിക്കും പൂർത്തിയാക്കുക. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ ഗഗൻയാന് അനുമതി നൽകിയത്. പദ്ധതിക്കായി പതിനായിരം കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. 30,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 

മറ്റു പദ്ധതികൾ  മൂലം പല തവണ മാറ്റി വയ്ക്കപ്പെട്ട ഇന്ത്യയുടെ  അഭിമാന ദൗത്യം ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം ഏപ്രിൽ അവസാനത്തോടെ നടത്താനുള്ള ശ്രമത്തിലാണ് ISRO. ബഹിരാകാശ രംഗത്തെ എലൈറ്റ് ക്ലബ്ലിൽ  ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്ന രണ്ട് ദൗത്യങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

click me!