
കൊച്ചി: കടലിലെ മത്സ്യ ലഭ്യത ദിവസങ്ങള്‍ക്ക് മുമ്പു തന്നെ പ്രവചിക്കാനുള്ള സാങ്കേതിക വിദ്യയുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 'സമുദ്ര' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ഇതോടെ കടലിലെ ഏതു ഭാഗത്താണ് മത്സ്യ ലഭ്യത ഉള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഫോണില്‍ എസ്എംഎസ് എത്തും എന്നതാണ് പദ്ധതിയുടെ നേട്ടം.
കടലില്‍ മീന്‍ ലഭ്യത കുറയുന്നു എന്ന ആശങ്ക മത്സ്യബന്ധന തൊഴിലാളികള്‍ ഉയര്‍ത്തുന്നതിനിടെയാണ് സിഎംഎഫ്ആര്‍ഐയുടെ പുതിയ സംരംഭം. നിലവില്‍ തത്സമയം മാത്രമാണ് മത്സ്യലഭ്യത കടലില്‍ ഇറങ്ങിയ തൊഴിലാളികള്‍ക്ക് അറിയാനാവുക. എന്നാല്‍ സമുദ്ര പദ്ധതി നടപ്പിലായാല്‍ നാല് ദിവസം മുന്‍പെ തന്നെ കടലില്‍ മത്സ്യലഭ്യത കൂടുതലുള്ള സ്ഥലം കണ്ടെത്താം. മീനുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളിലെ വെള്ളത്തിലടങ്ങിയ വിവിധ ഘടകങ്ങളും ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിശദാംശങ്ങളും പരിശോധിച്ചാണ് ഇത് സാധ്യമാകുന്നത്. മത്സ്യലഭ്യതയുള്ള കൂടുതല്‍ ഉള്ള പ്രദേശത്തിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ തൊഴിലാളികള്‍ക്ക് എസ്എംഎസ്സായി എത്തുന്നു. ഇതോടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മീന്‍ കിട്ടാനും ഇന്ധന ചിലവ് വന്‍ തോതില്‍ കുറക്കാനും സാധിക്കും. ഡീസല്‍ വാതക മാലിന്യം തള്ളുന്നതും ഒഴിവാക്കാം.
മത്സ്യ ലഭ്യത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചിക്കാനുള്ള സംവിധാനം ഇപ്പോഴില്ല, അതിനു വേണ്ടിയുള്ള സംവിധാനത്തിനുള്ള ശ്രമമാണ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്നുള്ള പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററുമായി സംയുക്ത ഗവേഷണം ആദ്യ തുടങ്ങിയിരിക്കുന്നത് തമിഴ്നാട് തീരത്താണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണ്ണതോതില്‍ കേരള തീരത്ത് നടപ്പാക്കാനാകുമെന്നാണ് സിഎംഎഫ്ആര്‍ഐയുടെ പ്രതീക്ഷ. ചുഴലിക്കൊടുങ്കാറ്റ് പോലെ കടലിലെ പ്രതിഭാസങ്ങളെ കുറിച്ചും ഈ സംവിധാനം വഴി നേരത്തെ സൂചന ലഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam