നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാറിനെയാണ് മഹിളാമണിയമ്മ നേരിട്ടത്.
അമ്പലപ്പുഴ: മാല പൊട്ടിക്കാനായി കഴുത്തിൽ കത്തിവച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടി 77കാരി. ആലപ്പുഴയിലെ ഇപ്പോഴത്തെ താരം അമ്പലപ്പുഴ സ്വദേശിയായ 77കാരിയായ മഹിളാമണി അമ്മയാണ്. മാലപൊട്ടിക്കാനായി എത്തിയ കള്ളൻ മഹിളാമണി അമ്മയുടെ കഴുത്തിൽ കത്തി വച്ചു. ആ കത്തി പിടിച്ചുവാങ്ങിയതോടെ പകച്ചു പോയ കള്ളൻ മാല വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാറിനെയാണ് മഹിളാമണിയമ്മ നേരിട്ടത്. പിന്നീട് പ്രതിയെ പൊലീസ് പിടികൂടി ചെയ്തു. വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം ഉണ്ടായത്. റോഡിൽ വച്ച വട്ട നിന്നയാൾ മഹിളാമണിയെ മതിലിനോട് ചേർത്ത് പിടിച്ച് അടിച്ചു. ഇതിന് ശേഷം കത്തി കഴുത്തിൽ വച്ച് മാല പറിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടന്നുണ്ടായ അക്രമത്തിൽ പതറിയെങ്കിലും മനസാന്നിധ്യം കൈവിടാതിരുന്ന 77കാരി പിച്ചാത്തി പിടിച്ച് വാങ്ങുകയായിരുന്നു. ഇതോടെ അക്രമിക്ക് നില തെറ്റി. മാലയും പൊട്ടിച്ചാണ് ഇയാള് ഓടിയത്.

അടി കിട്ടിയെങ്കിലും പതറാതെ 77കാരി
ആദ്യം മുന്നോട്ട് ഓടിയെങ്കിലും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ 77കാരിയുടെ മുന്നിലൂടെ തന്നെ വീണ്ടും ഓടുകയായിരുന്നു. മഹിളാമണി അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടിച്ചെങ്കിലും മാല ഇയാളിൽ നിന്ന് കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒരു സ്ത്രീ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മാല ഇയാൾ വലിച്ചെറിഞ്ഞത് കണ്ടതായി പറയുന്നത്. പിന്നാലെ നടത്തിയ തെരച്ചിലിൽ ആദ്യം മാലയും പിന്നാലെ മറ്റൊരിടത്ത് നിന്ന് താലിയും കണ്ടെത്തുകയായിരുന്നു.
മാല ഇടണ്ടാന്ന് പൊലീസ് പറഞ്ഞതോടെ മാല ഊരി വച്ചിരിക്കുകയാണ് 77കാരി. സംഭവത്തിന് പിന്നാലെ മേഖലയിൽ എല്ലാവരും മാല ഊരിയെന്നാണ് 77കാരി ചിരിയോടെ പ്രതികരിക്കുന്നത്. ഇനി മാലയിടുന്നില്ല, ശരീരം മാത്രം നോക്കിയാ മതിയല്ലോ പേടി വേണ്ടല്ലോയെന്ന നിലപാടിലാണ് 77കാരിയുള്ളത്.


