മടിവാളയിലെ സന്ധ്യ തിയേറ്ററിൽ ഇന്നലെ വൈകിട്ട് സിനിമ കാണാൻ എത്തിയ ടെക്കിയായ യുവതിയും കൂട്ടുകാരികളും നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്

മടിവാള: ബെംഗളുരു മടിവാളയിൽ സിനിമാ തീയറ്ററിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ തീയേറ്റർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഉണ്ട്. തീയേറ്റർ മാനേജ്മെന്റിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മടിവാളയിലെ സന്ധ്യ തിയേറ്ററിൽ ഇന്നലെ വൈകിട്ട് സിനിമ കാണാൻ എത്തിയ ടെക്കിയായ യുവതിയും കൂട്ടുകാരികളും നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജീവനക്കാരനായ രാജേഷ്, ഇയാളുടെ സുഹൃത്ത് കമൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി, തീയേറ്റർ മാനേജ്മെന്റ് എന്നിവരെ പ്രതി ചേർത്താണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സിനിമയുടെ ഇന്റർവെൽസമയത്ത് യുവതിയും കൂട്ടുകാരികളും ശുചിമുറി ഉപയോഗിക്കാനായി ചെന്നപ്പോൾ ആൺകുട്ടി അവിടെ ഉണ്ടായിരുന്നുവെന്നും കൈവശമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി എന്നുമാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ബഹളമുണ്ടാക്കുകയും തീയേറ്റർ ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു.

പിന്നാലെ പൊലീസിലും വിവരമെത്തി. ഇതിനിടയിൽ ഓടിക്കൂടിയ ആളുകൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൈകാര്യം ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് തന്നെ ഇതിനായി നിയോഗിച്ചത് രാജേഷും കമലും ആണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും കൂടുതൽ ദൃശ്യങ്ങൾ ഇവർ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം