മുഹമ്മദ് അഖ്‍ലാഖിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് ബീഫ് തന്നെയെന്ന് പുതിയ ഫോറൻസിക് റിപ്പോർട്ട്

By Web DeskFirst Published May 31, 2016, 2:22 PM IST
Highlights

മുഹമ്മദ് അഖ്‍ലാഖിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മാംസം ഏതെന്നത് സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് ഉത്തർപ്രദേശിലെ രണ്ട് ഫോറൻസിക് ലാബുകൾ പുറത്തു വിട്ടിരിയ്ക്കുന്നത്. അഖ്‍ലാഖിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നത്. 

പിന്നീട് പൊലീസ് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലും ഇത് ആട്ടിറച്ചി തന്നെയാണെന്നായിരുന്നു നിഗമനം. എന്നാൽ ഇതിനു വിരുദ്ധമായി അഖ്‍‍ലാഖിന്‍റെ വീട്ടിലുണ്ടായിരുന്നത് പശുവിന്‍റേതോ, കന്നുകുട്ടിയുടേതോ ആണെന്നാണ് മഥുരയിലെ ഫോറൻസിക് ലാബ് കണ്ടെത്തിയിരിക്കുന്നത്. 

എന്നാൽ ബീഫ് കൈവശം വെയ്ക്കുന്നത് ഉത്തർപ്രദേശിൽ കുറ്റകരമല്ലാത്തതിനാൽ പുതിയ റിപ്പോർട്ട് കേസിനെ ബാധിയ്ക്കില്ലെന്ന് യു പി പോലീസ് വ്യക്തമാക്കുന്നു. ഗോവധത്തിന് മാത്രമാണ് ഉത്തർപ്രദേശിൽ നിരോധനമുള്ളത്. അഖ്‍ലാഖ് ബീഫ് കൈവശം വെച്ചാലും ഇല്ലെങ്കിലും ആൾക്കൂട്ടം കുടുംബത്തെ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നും അന്വേഷണസംഘം അറിയിച്ചു. 

ഗോമാംസം കയ്യിൽ വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‍ലാഖിനെ മർദ്ദിച്ചുകൊല്ലുകയും മകനെ ഗുരുതരമായി തലയ്ക്കടിച്ച് പരിക്കേൽപിയ്ക്കുകയും ചെയ്തതിന് പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

click me!