ഇംപീച്ച്മെന്‍റ് കൊണ്ട് പ്രശ്നങ്ങൾ തീരില്ല;തുറന്നടിച്ച് ജസ്റ്റിസ് ജെ. ചലമേശ്വര്‍

By Web DeskFirst Published Apr 8, 2018, 9:02 AM IST
Highlights
  • സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ തുടരുന്നു
  • ഇംപീച്ച്മെന്‍റ് നീക്കത്തോട് യോജിക്കുന്നില്ലെന്ന് ചലമേശ്വര്‍

ദില്ലി: സുപ്രീംകോടതിയിലെ പ്രശ്നങ്ങളിൽ വീണ്ടും തുറന്നടിച്ച് ജസ്റ്റിസ് ജെ. ചലമേശ്വര്‍. ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങൾ പൊതുനന്മക്ക് വേണ്ടിയാകണം. ഇംപീച്ച്മെന്‍റ് കൊണ്ട് പ്രശ്നങ്ങൾ തീരുമെന്ന് വിശ്വസിക്കുന്നില്ലെന്നും, ദില്ലിയിൽ ഹാർവാർഡ് സർവകലാശാലയുടെ സംവാദ പരിപാടിയിൽ ജസ്റ്റിസ് ചലമേശ്വര്‍ പറഞ്ഞു.

ജുഡീഷ്യറിയിലെ തര്‍ക്കങ്ങൾ തുടരുന്നുവെന്ന് വ്യക്തമാക്കിയാണ് ജനുവരിയിലെ വാര്‍ത്ത സമ്മേളനത്തിന് ശേഷം ജസ്റ്റിസ് ജെ. ചലമേശ്വര്‍ വീണ്ടും മാധ്യമങ്ങൾക്ക് മുമ്പിലേക്ക് എത്തിയത്. ഹാര്‍വഡ് സര്‍വ്വകലാശാല നടത്തിയ സംവാദ പരിപാടിയിൽ സംസാരിച്ച അദ്ദേഹം കോടതിയിലെ പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ ആകുമ്പോൾ തന്നെ തീരുമാനങ്ങൾ പൊതുനന്മക്ക് വേണ്ടിയാകണം. നിര്‍ഭാഗ്യവശാൽ അത് അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് പ്രശ്നം. എന്നാൽ ചീഫ് ജസ്റ്റിസിനെതിരെ നടക്കുന്ന ഇംപീച്ച്മെന്‍റ് നീക്കത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിലെ പ്രശ്നങ്ങൾ പല സംശയങ്ങളും ജനങ്ങൾക്കിടയിലുണ്ട്. ഇത് ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകും. ചീഫ് ജസ്റ്റിസ് ആരോപണ വിധേയനായ മെഡിക്കൽ കോഴ കേസ് ഭരണഘടന ബെഞ്ചിന് വിട്ട തീരുമാനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം സര്‍ക്കാരിന്‍റെ ഒരു പദവിയും സ്വീകരിക്കില്ലെന്നും ജസ്റ്റിസ് ചലമേശ്വര്‍ വ്യക്മതാക്കി. ജസ്റ്റിസ് കെഎം.ജോസഫ് ഉൾപ്പടെയുള്ളവരുടെ പേരുകൾ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് അംഗീകരിക്കാത്ത കേന്ദ്ര നിലപാട് ഗൗരവത്തോടെയാണ് സുപ്രീംകോടതി കാണുന്നതെന്നും ചലമേശ്വര്‍ പറഞ്ഞു.
 

click me!