തോട്ടണ്ടി വാങ്ങിയതിൽ ക്രമക്കേല്ലെന്ന് മേഴ്സിക്കുട്ടിയമ്മ

By Web DeskFirst Published Oct 28, 2016, 1:31 PM IST
Highlights

തിരുവനന്തപുരം: കശുവണ്ടി കോര്‍പറേഷനിൽ അഴിമതിയാരോപിച്ച പ്രതിപക്ഷം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.തോട്ടണ്ടി വാങ്ങിയതിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും സംഭരണം വ്യവസ്ഥകൾ പാലിച്ചെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം, ഉന്നയിച്ച ആരോപണങ്ങൾക്കുള്ള രേഖകള്‍ വിഡി സതീശൻ സഭയുടെ മേശപ്പുറത്തു വച്ചു.കാര്യങ്ങൾ പഠിക്കാതെയാണ് സതീശൻ ആരോപണം ഉന്നയിക്കുന്നതെന്ന് കശുവണ്ടി വികസന കോര്‍പ്പറേഷൻ ചെയര്‍മാൻ പ്രതികരിച്ചു.

കശുവണ്ടി വികസന കോര്‍പറേഷൻ അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ ഭരണപക്ഷവും പ്രതിപക്ഷവും... വ്യവസ്ഥകള്‍ ഇല്ലാതെയല്ല തോട്ടണ്ടിവാങ്ങിയതെന്നും പ്രാദേശിക സംഭരണത്തിന് 11 വ്യവസ്ഥകള്‍ വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രാദേശികമായി തോട്ടണ്ടി വാങ്ങാൻ എംഡി നൽകിയ ഉത്തരവാണ് സര്‍ക്കാര്‍ ഉത്തരവായി സതീശൻ സഭയിൽ കൊണ്ടുവന്നത്.

തോട്ടണ്ടി ഇറക്കുമതിക്ക് ഇ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരു കമ്പനി മാത്രമാണെത്തിയതെന്നും ഉയര്‍ന്നതുകയായതു കൊണ്ടാണ് പ്രാദേശിക സംഭരണം വേണമെന്ന് എംഡി ആവശ്യപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു.കാര്യങ്ങളറിയാതെയാണ് ആരോപണമെന്നായിരുന്നു കശുവണ്ടി വികസന കോര്‍പറേഷൻ ചെയര്‍മാന്റെ  പ്രതികരണം.

എന്നാൽ ഒറ്റ ടെന്‍ഡര്‍ വേറെയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വി.ഡി. സതീശൻ വാദിക്കുന്നത്.കൂടിയ വില കാരണം പറഞ്ഞ് ഓര്‍ഡര്‍ തള്ളിയ കശുവണ്ടി വികസന കോര്‍പറേഷൻ അതിലും ഉയര്‍ന്ന വിലക്ക് തോട്ടണ്ടി വാങ്ങിയോ എന്നാണ് മന്ത്രി വിശദീകരിക്കേണ്ടത്.സര്‍ക്കാര്‍ ഉത്തരവും ടെന്‍ഡര്‍ രേഖകളും സഭയുടെ മേശപ്പുറത്ത് വച്ച വിഡി സതീശൻ ആരോപണം തെളിയും വരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ചു

 

click me!