
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്‍റെ വികസന നയങ്ങളെയും നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി ഡോ. ജേക്കബ് തോമസ്. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കിൽ വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരൻ എങ്ങനെ എത്തിയെന്ന് ജേക്കബ് തോമസ് ചോദിക്കുന്നു.
വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നുവെന്ന് ജോക്കബ് തോമസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരൽചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്. സ്റ്റേറ്റ് ക്യാപ്ച്ച്വര്‍ അഥവാ പണമുള്ളവൻ ഭരണത്തിൽ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങൾ ഏറെയും. ഒരു ഇന്ത്യൻ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങൾ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഇഷ്ടക്കാർക്ക് കട്ടുമുടിക്കാൻ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികൻ ഭരണത്തിന്റെ ഗുണഫലങ്ങൾ പിടിച്ചെടുക്കുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തിൽ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചർ. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കിൽ വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരൻ എങ്ങനെ എത്തി ?വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാൻ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീൻ വാൽജീന്റെ കഥ വിക്ടർ ഹ്യൂഗോ എഴുതിയിട്ട് 156 വർഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെ യും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികൾക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാൻ കൗതുകം . (ഡോ. ജേക്കബ് തോമസ്)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam