രക്ഷിതാക്കളും ബന്ധുക്കളും കോളേജിന്റെ ജനലുകളിലൂടെ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഡ്രോൺ നിരീക്ഷണമാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

 ബീഡ്: പരീക്ഷകളിൽ കോപ്പിയടി നടക്കുന്നത് പുതിയ വാർത്തയല്ലെങ്കിലും, രക്ഷിതാക്കൾ തന്നെ നേരിട്ടെത്തി മക്കളെ സഹായിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ചർച്ചയാവുകയാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ചൗസാലയിലെ ഒരു ജൂനിയർ കോളേജിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിനിടെ പുറത്തുനിന്നുള്ളവർ ജനലിലൂടെ ഉത്തരങ്ങൾ കൈമാറുകയായിരുന്നു. കോപ്പിയടി തടയാനായി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോളേജിന് ചുറ്റും തുറസ്സായ സ്ഥലമായതിനാൽ പുറത്തുനിന്നുള്ളവർക്ക് ക്ലാസ് മുറികളുടെ ജനലുകൾക്ക് അരികിലെത്താൻ എളുപ്പമായിരുന്നു. ഡ്രോൺ ദൃശ്യങ്ങളിൽ രക്ഷിതാക്കളും ബന്ധുക്കളും ജനലുകളിൽ തൂങ്ങിക്കിടക്കുന്നതും ഡ്രോൺ അടുത്തെത്തുമ്പോൾ ഓടി മാറുന്നതും വ്യക്തമായി കാണാം. ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന ദൃശ്യങ്ങളാണ് ഡ്രോൺ പകർത്തിയത്. ഇത് പരിശോധിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബീഡ് ജില്ലാ മജിസ്‌ട്രേറ്റ് വിവേക് ​​ജോൺസൺ അറിയിച്ചു.

2015-ൽ ബീഹാറിൽ നടന്ന സമാനമായ സംഭവത്തിന്റെ ദൃശ്യങ്ങൾ അന്ന് ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ സ്പൈഡർമാനെപ്പോലെ തൂങ്ങിക്കിടന്ന് രക്ഷിതാക്കൾ കുട്ടികൾക്ക് ചിറ്റുകൾ കൈമാറുന്ന ചിത്രങ്ങൾ അന്ന് വൈറലായിരുന്നു. ആ സംഭവത്തിൽ 500-ഓളം വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിരുന്നു. പോലീസ് കൈക്കൂലി വാങ്ങിയാണ് ഇത്തരം തട്ടിപ്പുകൾക്ക് അനുമതി നൽകുന്നതെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു.