അമേരിക്കന്‍ ജോലി സ്വപ്നങ്ങള്‍ കാണുന്ന ഇന്ത്യന്‍ ടെക്കികള്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ പണി

By Web DeskFirst Published Feb 23, 2018, 2:59 PM IST
Highlights

ന്യൂയോര്‍ക്ക്:  എച്ച് 1 ബി വീസ ചട്ടങ്ങള്‍ അമേരിക്ക കൂടുതല്‍ ശക്തമാക്കുന്നു. അമേരിക്കയിലുള്ള ടെക് കമ്പനികളുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് വരുത്തുന്നത്. മാതൃ സ്ഥാപനത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുറഞ്ഞ കാലത്തേയ്ക്ക് ഡപ്യൂട്ടേഷനില്‍ പോകുന്നവര്‍ക്കാണ് പുതിയ ചട്ടങ്ങള്‍ ഏറെ വെല്ലുവിളിയാവുക. ഇത്തരത്തില്‍ ഡപ്യൂട്ടേഷനില്‍ പോകുന്നവര്‍ അമേരിക്കയില്‍ എത്തിയതിന് ശേഷം മറ്റ് കമ്പനികളില്‍ ജോലിയ്ക്ക് കയറുന്നത് തടയാനാണ് പുതിയ ചട്ടമെന്നാണ് വിശദകരണം. 

ജീവനക്കാരെ വിടുമ്പോള്‍ അവരെ എന്തിന് അയയ്ക്കുമെന്നുള്ളതിന് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ കമ്പനി വിശദീകരണം നല്‍കണം. ഇതിനോടൊപ്പം ജോലിയിലെ വൈദഗ്ദ്യത്തെക്കുറിച്ച് കമ്പനി വിശദീകരണം നല്‍കണം. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ മാതൃസ്ഥാപനത്തില്‍ തുടരുന്നയിടത്തോളം കാലത്തേയ്ക്ക് മാത്രം വിസ അനുവദിക്കാമെന്നാണ് തീരുമാനം.നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ കാലാവധി നീട്ടേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 

വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്–1 ബി. അപേക്ഷകനു വിദഗ്ധമേഖലയിൽ ബിരുദം നിർബന്ധമാണ്. ഇന്ത്യക്കാരെയാണ് പുതിയ വീസ ചട്ടം ഏറ്റവും കൂടുതലായി ബാധിക്കുക. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ് കൂടുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നത്. വിദഗ്ദ പരിചയം ആവശ്യമുള്ള  ജോലികളിൽ അമേരിക്കകാര്‍ക്ക് മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണു വീസ അനുവദിക്കുന്നതിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

click me!