പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളി തർക്കം; ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു

By Web TeamFirst Published Feb 14, 2019, 8:58 AM IST
Highlights

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ കോടതി ഉത്തരവുമായി പ്രവേശിക്കുവാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ പാത്രിയാർക്കീസ് വിഭാഗം പ്രധാന കവാടത്തിൽ തടഞ്ഞു. 

കൊച്ചി: പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിക്ക് മുന്നിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗക്കാർ തമ്മിൽ തർക്കം. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പള്ളിയിൽ പ്രവേശിക്കുവാനെത്തിയ ഓർത്തോഡോക്സ് വിഭാഗക്കാരെ പള്ളിക്ക് മുന്നിൽ യാക്കോബായ പാത്രിയാർക്കീസ് വിഭാഗക്കാർ തടഞ്ഞു. 

അൻപതോളം വരുന്ന ഓർത്തഡോക്സ് സഭാ വിശ്വാസികളാണ് പ്രാർത്ഥനക്കായി പള്ളിയെത്തിയത്. എന്നാൽ യാക്കോബായ വിശ്വാസികൾ ഗേറ്റ് അടച്ചിട്ട് ഇവരെ പള്ളിക്ക് അകത്ത് കയറുന്നത് തടയുകയായിരുന്നു. രാവിലെ 6 മണി  മുതൽ 8.30 മണി വരെയിരുന്നു മുൻ നിശ്ചയിരുന്ന  ഇവരുടെ ആരാധന സമയം. എന്നാലിപ്പോൾ ആ സമയത്ത് പോലും ആരാധന നടത്താൻ  സമ്മതിക്കുന്നില്ലെന്നാണ് ആക്ഷേപം. സംഘർഷ സാധ്യത ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നത്. ആരാധന നടത്താൻ സൗകര്യമൊരുക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം പൊലീസിനോട് ആവശ്യപ്പെട്ടു.

1934 ലെ ഭരണഘടന അനുസരിച്ച് പള്ളി തങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ അവകാശപ്പെടുന്നത്. എന്നാൽ തങ്ങളുടെ പൂർവികർക്ക് അവകാശപ്പെട്ട പള്ളിയില്‍ പ്രാർത്ഥന നടത്താനുള്ള അവകാശം തങ്ങൾക്ക് മാത്രമാണെന്ന് യാക്കോബായ വിശ്വാസികളും അവകാശപ്പെടുന്നു. ഇന്നലെ രാത്രിയാണ് യാക്കോബായ വിഭാഗക്കാർ പള്ളിക്കകത്ത് പ്രാർത്ഥനാ യജ്ഞം ആരംഭിച്ചത്. നൂറോളം പേർ പള്ളിക്കകത്ത് ഇപ്പോഴും പ്രാർത്ഥനാ യജ്ഞം തുടരുകയാണ്. കഴിഞ്ഞ തവണ ഓർത്തഡോക്സ് സഭാ വിശ്വാസികൾ പള്ളിയിലെത്തിയപ്പോൾ സംഘർ‌ഷം ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് നൂറോളം പൊലീസുകാരെ പള്ളിക്ക് ചുറ്റും വിന്യസിച്ചിരക്കുന്നത്. കോതമംഗലത്തും പിറവത്തും സമാനമായ രീതിയിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നു.

click me!