
തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ പുരുഷന്മാരെ പാര്‍പ്പിക്കുന്ന സെല്ലുകളിലാണ് ഉള്‍ക്കൊള്ളാവുന്ന പരമാവധി എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഉള്ളത്. ജില്ലാ ജയിലുകളെന്നോ സെന്‍ട്രല്‍ ജയിലുകളെന്നോ വ്യത്യാസമില്ലാതെ ഇതാണ് അവസ്ഥ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 727 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്. പക്ഷേ 1300 തടവുകാരുണ്ട് ഇപ്പോള്‍. വിയ്യൂരിലാവട്ടെ 520 പേര്‍ക്ക് സൗകര്യമുള്ളിടത്ത് 841 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂരില്‍ 840 പേര്‍ക്കുള്ള സൗകര്യമേ ഉള്ളൂ. പക്ഷേ തടവുകാര്‍ 1130 പേരുണ്ട്.
സംസ്ഥാനത്ത് മൊത്തം 54 ജയിലുകളാണ് ഉള്ളത്. ഒരു തടവുകാരന് 40 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള സ്ഥലം ഉണ്ടായിരിക്കണമെന്നാണ് ജയില്‍ നിയമം പറയുന്നത്. എന്നാല്‍ കുറ്റവാളികളുടെ എണ്ണം കൂടിയതോടെ ഈ കണക്കൊന്നും പാലിക്കപ്പെടുന്നില്ല. സമയത്തിന് കുറ്റവാളികളെ കോടതിയില്‍ ഹാജറാക്കാന് കഴിയാത്തതും തടവുപുള്ളികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാണ്.
പുതിയ ജയിലുകള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മലമ്പുഴ, തവനൂര്‍, മുട്ടം എന്നിവിടങ്ങളിലൊന്നും ജയില്‍ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിക്കുന്ന ഹെടെക് ജയില്‍ നിര്‍മ്മാണവും ഇഴഞ്ഞ് നീങ്ങുകയാണ്. ചുരുങ്ങിയ സ്ഥലത്ത് ആളുകളെ കുത്തിനിറച്ച് പാര്‍പ്പിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇതിനോടകം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല.
ജയില്‍ സൗകര്യം നിലവിലെ തടവുകാര്‍
പൂജപ്പുര 727 പേര്ക്ക് 1300 പേര്‍
വിയ്യൂര്‍ 520 പേര്‍ക്ക് 841 പേര്‍
കണ്ണൂര്‍ 840 പേര്‍ക്ക് 1130 പേര്‍
കോഴിക്കോട് 232 പേര്‍ക്ക് 330 പേര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam