
തിരുവനന്തപുരം: പ്രളയത്തില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്തി ബോട്ടിലേക്ക് കയറ്റാന്‍ നേരം കുനിഞ്ഞുകിടന്ന് ചവിട്ടുപടിയായ ആ നിലക്കുപ്പായക്കാരനെ സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രകീര്‍ത്തിച്ചിരുന്നു. അത്രമാത്രം പങ്കുവയ്ക്കപ്പെട്ടിരുന്നു ഹൃദയസ്പര്‍ശിയായ ആ വീഡിയോയും.
ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരനെ വൈകാതെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മലപ്പുറം താനൂരുകാരനായ ജെയ്‌സലായിരുന്നു അത്. വൈറലായ വീഡിയോയ്ക്ക് പിന്നിലെ കഥ ജെയ്‌സല്‍ തന്നെ പറയുന്നു.
'ബ്ലീഡിംഗ് ആയ ഒരു സ്ത്രീ അവിടെ കുടുങ്ങിയവര്‍ക്കിടയിലുണ്ടെന്ന് അറിഞ്ഞു. പക്ഷേ അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു എന്‍.ഡി.ആര്‍.എഫ് അറിയിച്ചത്. പറ്റാവുന്നിടത്തോളം ദൂരം നിങ്ങളുടെ ബോട്ടില്‍ കൊണ്ടുപോകാമോ, ബാക്കി ഞങ്ങള്‍ നീന്തിപ്പൊയ്‌ക്കോളാം. എങ്ങനെയെങ്കിലും ആ സ്ത്രീയെ ബോട്ടിലെത്തിക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് എന്‍.ഡി.ആര്‍.എഫിന്റെ സഹായം കിട്ടിയത്. അവരെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ബ്ലീഡിംഗ് ഉള്ള സ്ത്രീയല്ലേ, അവരെ അങ്ങനെ കയറ്റാനാകില്ലെന്ന് തോന്നി. അതുകൊണ്ടാണ് കുനിഞ്ഞ് കിടന്നത്. പക്ഷേ അതിങ്ങനെ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതേയില്ല.'- ജെയ്‌സല്‍ പറയുന്നു.
ട്രോമ കെയര്‍ യൂണിറ്റ് അംഗമാണ് ജെയ്‌സല്‍. മലപ്പുറത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൃശൂര്‍, മാള മേഖലകളിലും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. താനൂരില്‍ നിന്ന് ഇരുപതിലധികം പേരുടെ കൂടെയാണ് ജെയ്‌സല്‍ തിരിച്ചത്. തുടര്‍ന്നും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം കിട്ടിയാല്‍ സഹകരിക്കുമെന്നും ജെയ്‌സല്‍ അറിയിച്ചു.
'മരണം മുന്നില്‍ക്കണ്ട് കരയുന്ന ഉമ്മമാര്‍, പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സ്ത്രീകള്‍.. അങ്ങനെ ദയനീയമായ എത്ര കാഴ്ചകള്‍ കണ്ടു. സ്വന്തം ഉമ്മ-പെങ്ങന്മാരാണ് കരയുന്നതെന്ന് കരുതി, ഓരോരുത്തരേയും രക്ഷിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് പോലുമില്ലാതെ നീന്തിയാണ് പലപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിയത്. തേളിന്റെ കടിയേറ്റു, മലമ്പാമ്പുണ്ടായിരുന്നു... ഒന്നും തളര്‍ത്തിയില്ല. നമ്മടെ മനസ്സ് അലിഞ്ഞുപോകും എല്ലാവരും ഉമ്മമാരാണ്, പെങ്ങന്മാരാണ്'- ജെയ്‌സല്‍ പറഞ്ഞുനിര്‍ത്തുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവറി'ലായിരുന്നു ജെയ്‌സലിന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam