കേന്ദ്രം ഓർഡിനൻസ് ഇറക്കില്ല: ഇത്തവണ ജല്ലിക്കെട്ട് ഇല്ല

By Web DeskFirst Published Jan 13, 2017, 7:42 AM IST
Highlights

ചെന്നൈ: ജല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന പ്രത്യേക ഓർഡിനൻസ് പുറത്തിറക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത്തവണയും ജല്ലിക്കെട്ട് നടക്കില്ലെന്നുറപ്പായതോടെ കേന്ദ്രസർക്കാരിനെതിരെ വ്യാപകപ്രതിഷേധപ്രകടനങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്. 

ജല്ലിക്കെട്ട് നിരോധനം നീക്കാനാകാത്തത് സംസ്ഥാനസർക്കാരിന്‍റെ പിടിപ്പുകേടാണെന്ന് ഡിഎംകെ ആക്ടിംഗ് പ്രസിഡന്‍റ് എം കെ സ്റ്റാലിൻ ആരോപിച്ചു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജല്ലിക്കെട്ട് നടത്തിയതിന് കടലൂരിൽ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

2014 മെയിലാണ് മൃഗക്ഷേമനിയമമനുസരിച്ച് കാളകളോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചത്. പ്രതിഷേധമുയർന്നതിനെത്തുടർന്ന് കാളകളെ ജല്ലിക്കെട്ടിന് ഉപയോഗിയ്ക്കുന്നതിനുള്ള തടസ്സം നീക്കി കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി വിധി പറയാനിരിയ്ക്കുകയാണ്. 

ഈ സാഹചര്യത്തിൽ ഓർഡിനൻസ് പുറത്തിറക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് കേന്ദ്രസർക്കാരിന് ലഭിച്ച നിയമോപദേശം. ഇക്കാര്യം കേന്ദ്രസർക്കാർ തമിഴ്നാട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷപാർട്ടിയായ ഡിഎംകെ ഉൾപ്പടെയുള്ള രാഷ്ട്രീയകക്ഷികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ വ്യാപകപ്രതിഷേധപ്രകടനങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്. 

ജല്ലിക്കെട്ട് തമിഴ്സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് ജില്ലാ ആസ്ഥാനങ്ങളിൽ ഡിഎംകെ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിഎംകെ ആക്ടിംഗ് പ്രസിഡന്‍റ് സ്റ്റാലിൻ പറ‌ഞ്ഞു. ഇതിനിടെ, തമിഴ്നാട്ടിലെ കടലൂരിൽ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജല്ലിക്കെട്ട് നടത്തിയതിന് 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രസിദ്ധമായ അളങ്കനല്ലൂർ ജല്ലിക്കെട്ട് ഉൾപ്പടെ തെക്കൻ ജില്ലകളായ മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ജല്ലിക്കെട്ടിനുള്ള വ്യാപക ഒരുക്കങ്ങൾ നടക്കുകയാണ്. 
 

click me!