പൂഞ്ഞാറില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് പി.സി.ജോര്‍ജിന്‍റെ ജനപക്ഷം

By Web TeamFirst Published Nov 26, 2018, 6:06 PM IST
Highlights

ശബരിമല വിഷയത്തിൽ ഒരുമിച്ച് സമരം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പഞ്ചായത്തിലും സഖ്യം തുടങ്ങിയത്

കോട്ടയം:പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യം ചേര്‍ന്ന് പി.സി.ജോര്‍ജിന്‍റെ ജനപക്ഷം. ശബരിമല വിഷയത്തിൽ ഒരുമിച്ച് സമരം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പഞ്ചായത്തിലും സഖ്യം തുടങ്ങിയത്. ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പടുക്കുമ്പോൾ വ്യക്തമാക്കാമെന്നാണ്  പി സി ജോർജിന്റ വിശദീകരണം. 

പൂ‌ഞ്ഞാർ പഞ്ചായത്തിന്റ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ പിന്തുണയോടെ ജനപക്ഷം സ്ഥാനാർത്ഥി ജയിച്ചത്. ജനപക്ഷത്തിന്റ പിന്തുണയോടെ ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ച ജനപക്ഷം പ്രസിഡന്റിനെതിരെയും അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് തീരുമാനം.

പി.സി.ജോർജ് എൻഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പഞ്ചായത്ത് തലത്തിലെ സഖ്യം. എന്നാല്‍ ഇപ്പോൾ കോൺഗ്രസും ബിജെപിയുമായി സമദൂരമെന്നാണ് പി സി ജോർജിന്റ വിശദീകരണം.ബിജെപിയുമായി അയിത്തമില്ലെന്ന് പ്രഖ്യാപിച്ച ജോർ‍ജുമായി സംസ്ഥാനതലത്തിൽ സഖ്യത്തിന് പാർട്ടി തയ്യാറാവുമോ എന്നാണറിയേണ്ടത്. പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പി സി ജോർജിന്റ പിന്തുണ ഗുണമാകുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റ വിലയിരുത്തൽ.

click me!