
സിഡ്നി: ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ ചൂട് അനുഭവിച്ച് ഓസ്ട്രേലിയ. 1910 ല്‍ ഓസ്ട്രേലിയയിലെ അന്തരീക്ഷ താപനില റെക്കോഡ് ചെയ്യാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായി രാജ്യത്തെ ശരാശരി താപനില റെക്കോഡില്‍. 30ഡിഗ്രി സെലഷ്യസിന് മുകളിലാണ് ഓസ്ട്രേലിയയിലെ പല ഇടങ്ങളിലും താപനില. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജിയും വെള്ളിയാഴ്ച ഇറക്കിയ പത്ര കുറിപ്പ് പ്രകാരം രാജ്യത്ത് ഉഷ്ണവാതം പടരുകയാണെന്നും ഇതുവരെ കാണാത്ത ചൂടായിരിക്കും ഉണ്ടാകുക എന്നും പറയുന്നു.
ന്യൂ സൗത്ത് വെയില്‍സിലെ നൂന അടക്കമുള്ള നിരവധി പട്ടണങ്ങളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലേക്ക് പോയിട്ടുണ്ട്. സെന്‍ട്രല്‍ സിഡ്‌നിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് പോയിരിക്കുന്നത്. കാലാവസ്ഥ ഇത്തരത്തില്‍ പ്രതികൂലമാകുന്ന പശ്ചാത്തലത്തില്‍ പ്രദേശിക ഭരണകൂടങ്ങളും ബ്യൂറോ ഓഫ് മെറ്റീരിയോളജിയും കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പ്രതികൂലമായ കാലാവസ്ഥയില്‍ വാഹനങ്ങളോടിക്കുമ്പോള്‍ വളരെ കരുതല്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു. ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളില്‍ റോഡുരുക്കവും മൃഗങ്ങള്‍ ചത്ത് വീഴലും തീപിടിത്തവും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൂടില്‍ നിന്നും ആശ്വാസം തേടി നൂറ് കണക്കിന് പേരാണ് സിഡ്‌നിയിലെ പ്രശസ്തമായ ബോണ്‍ഡി ബീച്ചിലേക്ക് ശരീരം തണുപ്പിക്കാന്‍ എത്തുന്നത്.
കഴിഞ്ഞ തവണ സാധാരണ ലഭിക്കുന്നതിന്‍റെ 20 ശതമാനം മഴമാത്രമാണ് ഓസ്ട്രേലിയയിലെ പലഭാഗങ്ങളിലും ലഭിച്ചത്. പ്രത്യേകിച്ച് വിക്ടോറിയ, നോര്‍ത്ത് സൌത്ത് വെയില്‍സ്, സൌത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ തീര്‍ത്തും മഴ കുറവായിരുന്നു. ടാസ്മാനിയ പ്രദേശത്ത് ആണെങ്കില്‍ തീപിടുത്തം ജനുവരിയില്‍ വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഏറ്റവും വരണ്ട മാസമാണ് ഈ പ്രദേശത്തിന് കടന്നുപോയ മാസം എന്നാണ് കാലവസ്ഥ കണക്കുകള്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam