പ്രകോപനങ്ങൾ ശിക്ഷിക്കപ്പെടാതെ പോവില്ലെന്നാണ് വെനസ്വേല നടപടിയേക്കുറിച്ച് നിരീക്ഷിച്ചത്. യുഎൻ സുരക്ഷാ കൗൺസിലിനും മറ്റ് ഏജൻസികൾക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് വെനസ്വേയുള്ളത്

കാരക്കാസ്: വെനസ്വേലയിൽ നിന്ന് പുറപ്പെട്ട എണ്ണ കപ്പൽ പിടിച്ചെടുത്ത് അമേരിക്ക. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് കപ്പൽ പിടിച്ചെടുത്ത വിവരം സ്ഥിരീകരിച്ചത്. ഡിസംബർ മാസത്തിൽ ഇത് രണ്ടാം തവണയാണ് വെനസ്വേലയിൽ നിന്ന് പുറപ്പെട്ട എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുക്കുന്നത്. വെനസ്വേലയിൽ നിന്ന് വരുകയും വെനസ്വേലയിലേക്ക് പോവുകയും ചെയ്യുന്ന എണ്ണ ടാങ്കറുകളെ ഉപരോധിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച വിശദമാക്കി. തട്ടിക്കൊണ്ട് പോകലും മോഷണവും ആണെന്നാണ് എണ്ണക്കപ്പൽ പിടിച്ചെടുത്ത നടപടിയെ വെനസ്വേല വിലയിരുത്തിയത്. അമേരിക്ക ലക്ഷ്യമിടുന്നത് തങ്ങളുടെ വിഭവങ്ങളാണെന്നാണ് വെനസ്വേല നേരത്തെ ആരോപിച്ചിരുന്നു. ഇത്തരം പ്രകോപനങ്ങൾ ശിക്ഷിക്കപ്പെടാതെ പോവില്ലെന്നാണ് വെനസ്വേല നടപടിയേക്കുറിച്ച് നിരീക്ഷിച്ചത്. യുഎൻ സുരക്ഷാ കൗൺസിലിനും മറ്റ് ഏജൻസികൾക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് വെനസ്വേയുള്ളത്. ഡിസംബർ ആദ്യം നടന്ന ഓപ്പറേഷൻ സമാനമായി യുഎസ് കോസ്റ്റ്ഗാർഡാണ് കപ്പൽ പിടിച്ചെടുക്കലിന് നേതൃത്വം നൽകിയത്. വെനസ്വേലയിൽ നിന്ന് പുറപ്പെട്ട എണ്ണക്കപ്പൽ അന്താരാഷ്ട്ര ജലാതിർത്തിയിൽ നിന്നാണ് അമേരിക്ക പിടികൂടിയത്.

നിരോധിത കപ്പലുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ല നിലവിൽ പിടിച്ചെടുത്ത കപ്പൽ

ഡിസംബർ 20 ന് പുലർച്ച നടന്ന സൈനിക നടപടിയിലാണ് യുഎസ് കോസ്റ്റ് ഗാർഡ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുന്ന വീഡിയോ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. സെഞ്ച്വറീസ് എന്ന ഒരു വശത്ത് എഴുതിയ കപ്പലിലേക്ക് യുഎസ് സൈനികർ ഹെലികോപ്ടറിൽ വന്നിറങ്ങുന്ന ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ക്രിസ്റ്റി നോം എക്സിൽ പങ്കുവച്ചിരിക്കുന്നത്. മയക്കുമരുന്ന് വിതരണത്തിനായി പണം കണ്ടെത്താൻ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് അമേരിക്ക വെനസ്വേലയ്ക്കെതിരെ ഉയർത്തിയിട്ടുള്ളത്. ഞങ്ങൾ നിങ്ങളെ കണ്ടെത്തി തടയുമെന്നാണ് ക്രിസ്റ്റി നോം എക്സിലെ കുറിപ്പിൽ വിശദമാക്കുന്നത്. പനാമയുടെ പതാക വഹിക്കുന്ന കപ്പലാണ് സെഞ്ച്വറീസ് എന്നാണ് ബിബിസി വിശദമാക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഗ്രീസ്, ലൈബീരിയ എന്നീ രാജ്യങ്ങളുടെ കീഴിലും ഈ കപ്പൽ സഞ്ചരിച്ചിട്ടുണ്ട്.

Scroll to load tweet…

അമേരിക്കൻ ട്രെഷറിയുടെ നിരോധിത കപ്പലുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ല ഈ കപ്പൽ. ഏതാനും ദിവസങ്ങളായി വെനസ്വേലയുടെ തീരത്ത് അമേരിക്ക നടത്തിയ മാരകമായ ആക്രമണങ്ങളിൽ ഏകദേശം 100 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ തകർത്ത കപ്പലുകളിൽ ലഹരിമരുന്ന് എത്തിച്ചതായി ഒരു തെളിവും അമേരിക്കയ്ക്ക് പുറത്ത് വിടാനായിട്ടില്ല. അതേ സമയം യുഎസ് കോൺഗ്രസിൽ നിന്ന് ആക്രമണത്തിന്റെ പേരിൽ സൈന്യം ക‍ർശനമായ പരിശോധനകളാണ് നേരിടുന്നത്. ക്രിമിനൽ ശൃംഖലകൾ തക‍ർക്കുന്നതിനായി സമുദ്ര ഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്സിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം