
ടോക്കിയോ: മരങ്ങളില്ലാതെ മനുഷ്യജീവിതം അസാധ്യമാണ്. മരം ഉപയോഗിച്ച് ജപ്പാനിലെ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടുത്തം രസകരവും ഒപ്പം ചിലർക്കെങ്കിലും കൗതുകം പകരുന്നതുമാണ്. ഓക്സിജന്റെ അളവ് കൂട്ടിയും ആഹാരം നൽകിയുമെല്ലാം മനുഷ്യരാശിയെ മരങ്ങൾ നിലനിർത്തുന്നു. എന്നാൽ മരത്തടിയിൽ നിന്ന് മദ്യമുണ്ടാക്കുന്ന വിദ്യയാണ് ജപ്പാനിലെ ഗവേഷകരുടെ പുത്തൻ കണ്ടെത്തൽ.
2009 മുതൽ ജപ്പാനിലെ വനംവകുപ്പിലെ ഗവേഷകർ ഈ കണ്ടെത്തലിനായി പ്രയത്നിക്കുകയാണ്. രാസവസ്തുക്കൾ ചേർക്കാതെ, ചൂടാക്കാതെ മരത്തടിയിൽ നിന്നും മദ്യമുണ്ടാക്കുന്ന വിദ്യയാണ് ഇവർ കണ്ടെത്തിയത്. നന്നായി പൊടിച്ചെടുത്ത മരം വെള്ളവും യീസ്റ്റും ചേർത്ത് മരത്തിന്റെ വലിയ ബാരലുകളിൽ പത്ത് ദിവസത്തോളം വച്ചാണ് ഈ മദ്യം ഉണ്ടാക്കിയത്. ചെറി, ദേവതാരു, ബിർച്ച് മരങ്ങളുടെ തടികളാണ് അവർ അതിനായി ഉപയോഗിച്ചത്.
ദേവതാരുവും ചെറിയും ബിര്‍ച്ച് മരങ്ങളും ജപ്പാൻകാർ പല ആവശ്യങ്ങൾക്കായി നേരത്തേ മുതൽ ഉപയോഗിക്കുന്നതാണ്. മാംസം വേവിച്ചെടുക്കുന്നതിന് ചെറിയുടെ മരത്തടിയും ചോപ്സ്റ്റിക്കുകൾ ഉണ്ടാക്കുന്നതിന് ബിർച്ച് മരത്തടിയും ഉപയോഗിക്കുന്നുണ്ട്. 4 കിലോഗ്രാം തടിയിൽ നിന്ന് 15 ശതമാനം ആൽകഹോൾ അടങ്ങിയ 3.8 ലിറ്റർ മദ്യം ഉണ്ടാക്കാൻ കഴിയും. വ്യവസായിക അടിസ്ഥാനത്തിൽ മരത്തടിയിൽ നിന്ന് മദ്യമുണ്ടാക്കുന്ന വിദ്യ ഉപയോഗപ്പെടുത്താനാകുമെന്ന് പ്രതീക്ഷയിലാണ് ഗവേഷകർ. അതിനായുള്ള സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam