തദ്ദേശതെര‍ഞ്ഞെടുപ്പിൽ വൈറലായ പാര‍ഡി​ഗാനം പോറ്റിയേ കേറ്റിയെ പാട്ടിലെ കേസിൽ മെല്ലെപ്പോക്കുമായി സർക്കാർ.

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ പാരഡി പാട്ട് കേസിൽ യു ടേണ്‍ അടിച്ച് പൊലീസും സർക്കാരും. വിവാദത്തിൽ കൂടുതൽ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദ്ദേശം നൽകി. പാട്ടിൻെറ അണിയറ പ്രവർത്തകർക്കെതിരെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും. പാട്ട് നീക്കം ചെയ്യരുതെന്ന് മെറ്റയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പോറ്റി പാട്ടിൽ കേസെടുത്തതിൽ സർക്കാറിനെതിരെ ഉയർന്നത് വ്യാപക പ്രതിഷേധമാണ്. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നൽകിയ പരാതിയിൽ പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തത് ഇടത് കേന്ദ്രങ്ങളെ പോലുംഅമ്പരപ്പിച്ചു. ആദ്യ കേസിന് പിന്നാലെ പാട്ടിനെതിരെ വിവിധ ജില്ലകളിൽസിപിഎം നേതാക്കൾ അടക്കം കൂട്ട പരാതി നൽകി. ആദ്യ കേസിൽ കൈ പൊള്ളിയതോടെ ഒടുവിൽ എല്ലാം കെട്ടിപ്പൂട്ടുന്നു. 

ഇനി കേസ് വേണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് നിലനിൽക്കില്ല തിരിച്ചടിയാകുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ ഉള്‍പ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉന്നതങ്ങളിലെ ഇടപെടലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുക്കാൻ കാരണം. കോടതിയിൽ തിരിച്ചടി ഭയന്ന് അന്വേഷണ സംഘം ഒരടിപോലും മുന്നോട്ടുവച്ചില്ല. പാട്ടു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്കും യൂട്യൂബിനും കത്ത് തയ്യാറാക്കി എങ്കിലും ഇതുവരെ അയച്ചില്ല.

പരാതിക്കാരൻെറ മൊഴി നാളെ രേഖപ്പെടുത്താനിരിക്കെയാണ് മെല്ലെപോയാൽ മതിയെന്നുള്ള തീരുമാനം. കേസിൽ മെല്ലെപ്പോയി അന്വേഷിച്ച് അവസാനിപ്പിക്കാനാണ് സാധ്യത. ഇതിനിടെ പാട്ട് നീക്കം ചെയ്യരുതെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് മെറ്റക്ക് കത്ത് നൽകി. നീക്കിയാൽ അത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് എതിരാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോടതികൾ പാട്ട് നീക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും കത്തിൽ ഉന്നയിക്കുന്നു. 

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming