ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു.

കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയിൽ. തിരുവനന്തപും കല്ലമ്പലം സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ വരന്‍റെ വീട്ടിലെത്തിയാണ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

കൊല്ലം സ്വദേശിയായ യുവാവുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബ്ലേഡ് മാഫിയ സംഘത്തിന്‍റെ ഭീഷണിയെ തുടർന്നെന്ന് എഫ്ഐആർ. കല്ലമ്പലം സ്വദേശിയായ പെൺകുട്ടിയുടെ അച്ഛൻ കഴിഞ്ഞ ജൂലൈയിലാണ് മരിച്ചത്. വിവിധ ആവശ്യങ്ങൾക്കായി മൂന്ന് വർഷം മുമ്പ് അമ്മ ബ്ലേഡ് സംഘത്തിൽ നിന്ന് ഒരു ലക്ഷം കടം വാങ്ങിയിരുന്നു. 

മുതൽ തിരിച്ചടച്ചെങ്കിലും പലിശ ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. യുവതിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തുടർച്ചയായി വീട്ടിലെത്തി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച കൊല്ലത്ത് പ്രതിശ്രുത വരന്‍റെ വീട്ടിലും ഗുണ്ടാസംഘമെത്തി. വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ജനുവരി ഒന്നിന് നിശ്ചയിച്ച കല്യാണത്തിൽ നിന്ന് യുവാവ് പിന്മാറി. ഇതിന്‍റെ വിഷമത്തിൽ പെൺകുട്ടി അമിതമായി ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കല്ലമ്പലം സ്വദേശി സുനിൽ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming