
കൊല്ലം: ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ കാർണിവല്ലിൽ അന്തരിച്ച കവി ഒഎൻവി കുറുപ്പിന്റെ കുടുംബത്തെ ആദരിച്ചു. ചടങ്ങിൽ ഒ എൻ വിയുടെ ഭാര്യ സരോജിനി കുറുപ്പിനെ ജടായു ഏർത്ത് സെന്റർ സി എം ഡി രാജീവ് അഞ്ചൽ പൊന്നാടയണിയിക്കുകയും മയൂരശില്പം കൈമാറുകയും ചെയ്തു. ജടായു കാര്‍ണവലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഡിസംബർ 22നാണ് തുടക്കം കുറിച്ചത്.
ചടങ്ങിൽ ഒ എൻ വിയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ അനുസ്മരിച്ച രാജീവ് അഞ്ചൽ ജടായുവിന്റെ ശില്പനിർമാണത്തിന്റെ പലഘട്ടങ്ങളിലും ഒ എൻ വിയുടെ ഉപദേശങ്ങളാണ് തനിക്ക് കരുത്ത് പകർന്നതെന്നും പറഞ്ഞു. ജടായുപാറയെ കുറിച്ചുള്ള ഒ എൻ വി കുറുപ്പിന്റെ കവിത ആലേഖനം ചെയ്ത ശില, കാർണിവലിന്റെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു.
എല്ലാ ദിവസവും വൈകുന്നേരം 5മണി മുതല്‍ രാത്രി 9 മണി വരെയാണ് ജടായു കാര്‍ണിവല്ലിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസവും സാമൂഹ്യ-സാംസ്കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി ജടായു കാര്‍ണിവലില്‍ പങ്കെടുക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ട്രീറ്റ് മാജിക് സംഘവും, അയല്‍സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങളായ ബിഡുകംസാലെ,കരകാട്ടം തുടങ്ങിയവ ജടായു കാര്‍ണിവലിനെ ഉത്സവാന്തരീക്ഷത്തിലെത്തിക്കും. കേരള ടൂറിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായു എര്‍ത്ത്സ് സെന്റര്‍ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam