തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മോദിയുമായി കൂടികാഴ്ച നടത്തും

By Web DeskFirst Published Jun 14, 2016, 12:44 AM IST
Highlights

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടികാഴ്ചക്കായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് ദില്ലിയിലെത്തും. നദീ ജലതർക്കം,രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ജയലളിത പ്രധാന മന്ത്രിയോടുന്നയിക്കും.അനധികൃത സ്വത്ത്സന്പാദന കേസിൽ ജയയെ കുറ്റവിമുക്തയാക്കിയതിനെതിരെ  കർണ്ണാടകം നൽകിയ അപ്പീലിൽ വിധി പറയാനിരിക്കെയാണ് സന്ദർശനം.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദില്ലിയിൽ എത്തുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തിന്‍റെ നിറവിലാണ് ജയലളിത പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുന്നത്.മുല്ലപ്പെരിയാർ ,കാവേരി ജലതർക്കം തുടങ്ങിയ അന്തർസംസ്ഥാന വിഷയങ്ങളും  രാജീവ്  ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനവും ചർച്ചയാകും.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ  പ്രത്യേക സാമ്പത്തിക പാക്കേജ്, വെള്ളപ്പൊക്കം  ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളെ നേരിടാൻ  ഫണ്ട്,ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ  തമിഴ് മത്സ്യ തൊഴിലാളികളുടെ മോചനം   തുടങ്ങിയ  വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ജയലളിത ചർച്ച നടത്തും.

അനധികൃത സ്വത്ത് സമ്പദന കേസിൽ ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണ്ണാടക ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം  നൽകിയ അപ്പീൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.ഇതിനോടനുബന്ധിച്ച ദിവസങ്ങളിൽ ജയലളിത ദില്ലി സന്ദർശിക്കുന്നത് ശ്രദ്ധേയമാണ്. 

പാര്‍ലമെന്‍റിലെ മൂന്നാമത് വലിയകക്ഷി എന്ന നിലയ്ക്ക് ബില്ലുകൾ പാസാക്കാൻ ബിജെപിക്ക് എഐഡിഎംകെയുടെ പിന്തുണ അനിവാര്യമാണ്.പരസ്പര സഹകരണ സഹകരണത്തോടെ മുന്നോട്ടപോകാനാകും പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുക.ധനമന്ത്രി അരുൺ ജയ്റ്റലി, വാണിജ്യ മന്ത്രി നിർമ്മലാ സീതാരാമൻ തുടങ്ങി നാല് കേന്ദ്രമന്ത്രിമാരുമായും  ജയ കൂടികാഴ്ച  നടത്തും. വൈകിട്ടു തന്നെ ജയലളിത മടങ്ങും.

click me!