
കൊച്ചി: കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയില്‍ എത്തിക്കാനായി പാര്‍ട്ടികള്‍ എല്ലാ സൗകര്യങ്ങളുമൊരുക്കിയിരുന്നു. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നൂറിലധികം മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാറും അറിയിച്ചിരുന്നു. എന്നാല്‍ കൊച്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എംഎല്‍എമാരെ എത്തിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞുവെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിക്കുന്നു.
ബംഗളുരുവില്‍ നിന്ന് വിമാനം ചാര്‍ട്ട് ചെയ്യാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയില്ലെന്ന് ജെഡിഎസ് ആരോപിച്ചു. കേരളത്തില്‍ ഇവരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയനോട് ചർച്ച ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉറപ്പും നല്‍കി. ഇതിനിടെ എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. വിമാന യാത്ര മുടങ്ങിയതോടെയാണ് കേരളത്തിലേക്കില്ലെന്ന് തീരുമാനിച്ചത്. പകരം ഹൈദരാബാദും പുതുച്ചേരിയുമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ബസിലാണ് എം.എല്‍.എമാരെ കൊണ്ടുപോകുന്നതെന്ന് എച്ച്.ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഭരണ സ്വാധീനം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കുതിരക്കച്ചവടം നടത്തുകയാണെന്നും അതില്‍ നിന്ന് എംഎല്‍എമാരെ തങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വിലക്കുണ്ടെന്ന വാര്‍ത്തകള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ നിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam