ജസ്നയുടെ അച്ഛന്‍റെ സ്ഥാപനം നിര്‍മിക്കുന്ന വീട്ടില്‍ ദൃശ്യം മോഡല്‍ പരിശോധന

By Web DeskFirst Published Jun 21, 2018, 12:16 PM IST
Highlights
  • ജസ്നയുടെ അച്ഛന്‍റെ സ്ഥാപനം നിര്‍മിക്കുന്ന വീട്ടില്‍ ദൃശ്യം മോഡല്‍ പരിശോധന

പത്തനംതിട്ട: ജസ്നയെ കാണാതായിട്ട് 90 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ച് പൊലീസ്. മുണ്ടക്കയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ  ജസ്നക്കായി  പൊലീസ് പരിശോധന നടത്തി. ജസ്നയുടെ അച്ഛന്റെ കന്പനി നിര്‍മിക്കുന്ന വീട്ടിലാണ് പൊലീസ് ദൃശ്യം മോഡല്‍ സാധ്യതകള്‍ പരിശോധിച്ചത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ജസ്നയുടെ ഫോൺവിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും കോൾ വിവരങ്ങളുമാണ് വീണ്ടെടുത്തത്.  ഐജി  മനോജ്  എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജസ്നക്കായി വ്യാപക തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇതുവരെ ജസ്നയെകുറിച്ച് ഒരു തുമ്പും കിട്ടിയില്ല.  കഴിഞ്ഞ മാർച്ച് 22നാണ്  ബിരുദ വിദ്യാർഥിനിയായ ജസ്നയെ ഏരുമേലിയില്‍ നിന്നും കാണാതായത്.

മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന വീട്ടില്‍ നിന്നിറങ്ങി എന്നാണ് ബന്ധുക്കളുടെ മൊഴി. കാണാതായതിന്‍റെ തൊട്ടടുത്ത ദിവസം ജസ്നയുടെ അച്ഛൻ  പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആദ്യദിവസങ്ങളിലെ അന്വേഷണം മന്ദഗതിയാലായിരുന്നു. 

പ്രതിഷേധം ശക്തമാകാൻ തുടങ്ങിയതോടെയാണ് കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്. ഇപ്പോള്‍ ജസ്നക്കായി തെരച്ചില്‍ നടത്തുന്നത് ഐജിയുടെ നേതൃത്വത്തിലുള്ള നാലാമത്തെ സംഘമാണ്. ജസ്നയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

click me!