
തിരുവനന്തപുരം: ജിജി തോംസന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കേരള ബിജെപി നേതൃത്വം. ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചിരുന്നു എന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തൽ ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടത്. വെളിപ്പെടുത്തൽ ദേശീയതലത്തിൽ വരെ ചർച്ചയായെങ്കിലും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ബിജെപി നേതാക്കൾ തയ്യാറായിട്ടില്ല.
അതേസമയം, ജിജി തോംസന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം അനൗദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറും ജിജി തോംസണും തമ്മിലുള്ളത് സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായിരിക്കാമെന്ന തരത്തിൽ ലഘൂകരിക്കാനാണ് നേതാക്കൾ ശ്രമിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
'ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ' എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നാണ് ജിജി തോംസന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും ഗ്യാനേഷ് കുമാർ പറഞ്ഞതായി ജിജി തോംസൺ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
2016ൽ ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാറുമായി ഇത്തരമൊരു സംഭാഷണം നടന്നതെന്നാണ് ജിജി തോംസൺ പറയുന്നത്. താൻ സർവീസിൽ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്ഷണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോട് ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കേണ്ടത് ഗ്യാനേഷ് കുമാർ ആയിരുന്നില്ലെന്ന അഭിപ്രായവും ജിജി തോംസൺ പങ്കുവച്ചു.
ജിജി തോംസന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു എക്സിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ വിമർശനം.ഗ്യാനേഷ് കുമാറിനെ ആദ്യം ബിജെപിയിലേക്ക് ആളുകളെ ചേർക്കാൻ ഉപയോഗിച്ചെന്നും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തെ 'അമ്പയർ' ആക്കി തെരഞ്ഞെടുപ്പുകളിൽ 'മാച്ച് ഫിക്സിംഗ്' ചുമതല ഏൽപ്പിച്ചെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam