ജിഷ കേസ് പ്രതിയെ 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

By Web DeskFirst Published Jun 17, 2016, 11:40 AM IST
Highlights

കൊച്ചി: നാടിനെ നടുക്കിയ പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി അമിറുള്‍ ഇസ്ലമിനെ റിമാന്‍ഡ് ചെയ്‌തു. വൈകുന്നേരം നാലരയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പ്രതിയെ എറണാകുളം കാക്കനാട് ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയത്. കനത്ത സുരക്ഷയോടെയാണ് പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചത്. പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്താകാത്തവിധം ഹെല്‍മെറ്റ് ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കുകയും, പിന്നീട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്‌തത്. തിരിച്ചുകൊണ്ടുപോകുമ്പോള്‍ പൊലീസ് വാഹനത്തില്‍ കിടത്തിയാണ് ജയിലിലേക്ക് കൊണ്ടുപോയത്. പ്രതിയെ ഹാജരാക്കുന്ന സാഹചര്യത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. നൂറുകണക്കിന് ആളുകള്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് പ്രതിയെ പെരുമ്പാവൂര്‍ കോടതിയിലേക്ക് കൊണ്ടുവന്നത്. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതുകൊണ്ടാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്താകാതെ കോടതിയില്‍ ഹാജരാക്കുന്നത്. പ്രതിയെ പിടികൂടിയ ശേഷം വളരെ കരുതലോടെ എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. മൂന്നു ദിവസം മുമ്പ് തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തുനിന്നാണ് അമിറുള്‍ ഇസ്ലമിനെ പൊലീസ് പിടികൂടിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി, കനാലില്‍ ഉപേക്ഷിച്ചുപോയ ചെരുപ്പാണ് അന്വേഷണത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. കൃത്യം നടത്തിയശേഷം സ്വദേശമായ അസമിലേക്ക് കടന്ന പ്രതി പിന്നീട് തിരിച്ചെത്തുകയും, തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തുവെച്ച് അറസ്റ്റിലാകുകയുമായിരുന്നു.

click me!