അമീറുൾ ഇസ്ലാമിന് വധ ശിക്ഷ നൽകണമെന്ന് ജിഷയുടെ അമ്മ

By Web DeskFirst Published Dec 12, 2017, 10:12 AM IST
Highlights

കൊച്ചി: അമീറുൾ ഇസ്ലാമിന് വധ ശിക്ഷ നൽകണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. മരണ ശിക്ഷയിൽ കുറഞ്ഞതൊന്നും അമീറുൾ ചെയ്ത കുറ്റത്തിന് പകരമാകില്ലെന്നും കോടതി വിധി എല്ലാവർക്കും ഒരു പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു.

നാളുകള്‍ എണ്ണി ഈ അമ്മ കാത്തിരിക്കുന്നത് ഈ ദിവസത്തിനായാണ്. മകളെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളിക്ക് കോടതി ശിക്ഷ വിധിക്കുന്ന ദിവസത്തിനായി. ആ കാത്തിരിപ്പിനും കണ്ണീരിനും അവസാനമാകുകയാണ്. മകളെ കൊന്നവനെ കോടതി തൂക്കിലേറ്റണം. അമീറുൾ ചെയ്ത ക്രൂരതയ്ക്ക് അതിൽ കുറഞ്ഞ ശിക്ഷ പരിഹാരമാകില്ലെന്നും ഇവര്‍ പറയുന്നു. അതിൽ കുറഞ്ഞ ഒരു ശിക്ഷയ്ക്കും താൻ അനുഭവിച്ച വേദനയുടെ കനൽ അണയ്ക്കാനാകില്ലെന്ന് രാജേശ്വരി പറഞ്ഞു.

അമീറുൾ തകർത്തത് തന്‍റെ സ്വപ്നങ്ങളായിരുന്നുവെന്നും ഭിക്ഷയാചിച്ചുവരെ മകളെ പഠിപ്പിച്ചത് വക്കീലാക്കുന്നതിനായാണെന്നും രാജേശ്വരി പറയുന്നു. കോടതിയിൽ വിചാരണയ്ക്കായി പോകുമ്പോൾ മനസ്സിൽ നീറ്റലായി എത്താറുള്ളത് ആ സ്വപ്നമാണെന്നും രാജേശ്വരി കൂട്ടിച്ചേര്‍ത്തു. മകളുണ്ടെങ്കിൽ അവളും ഇക്കൂട്ടത്തിൽ കോടതി വരാന്തയിൽ ഉണ്ടാകുമായിരുന്നല്ലോ എന്ന ചിന്ത നല്‍കുന്ന വേദന ചെറുതല്ലെന്നും ഇവര്‍ പറയുന്നു.

അമീറിന് മരണ ശിക്ഷ വിധിച്ചാലും മകൾ നഷ്ടമായ അമ്മയുടെ മനസ്സിലെ നെരിപ്പോടടങ്ങില്ല. മരിക്കുവോളം ആ നീറ്റലുണ്ടാകും. ഒരമ്മയ്ക്കും ഈ ഗതി വരാതിരിക്കാനാണ് തന്‍റെ പ്രാർത്ഥനയെന്നും രാജേശ്വരി പറയുന്നു.
 

click me!