ചരിലം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് സിപിഎം തോല്‍വി ഭയന്ന് ഒളിച്ചോടി: ജിഷ്ണു ദേബര്‍മ

By Web DeskFirst Published Mar 13, 2018, 8:47 AM IST
Highlights
  • ചരിലം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് സിപിഎം തോല്‍വി ഭയന്ന് ഒളിച്ചോടി
  • കാലഹരണപ്പെട്ട ആശയങ്ങളുമായി ഇനിയും മുന്നോട്ട് പോയാല്‍ ജനം താമസിയാതെ സിപിഎമ്മിനെ ചവറ്റുകൊട്ടയില്‍ തള്ളും

ദില്ലി: നാണം കെട്ട തോല്‍വി ഭയന്നാണ് തൃപുരയിലെ ചരിലം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് സിപിഎം ഒളിച്ചോടിയതെന്ന് ബിജെപി സ്ഥാനാര്‍ഥിയും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബര്‍മ. എന്ത് കൊണ്ട് ജനങ്ങള്‍ തങ്ങളെ പുറത്താക്കിയെന്ന് സിപിഎം ആത്മാര്‍ഥമായി വിലയിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കേണ്ടി വരുമെന്ന് ജിഷ്ണു ദേബര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

എങ്ങിനെയെങ്കിലും തെരഞ്ഞെടുപ്പില്‍ നിന്ന് ഒളിച്ചോടാനുള്ള സിപിഎമ്മിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണിത്. വന്‍ തോല്‍വി ഉറപ്പായതു കൊണ്ടാണ് സിപിഎം സ്ഥാനാര്‍ഥി സ്ഥലം വിട്ടത്. 25 വര്‍ഷത്തെ ഭരണത്തിന് ശേഷം ഇത്തരമൊരു കനത്ത തോല്‍വി കിട്ടുന്നെങ്കില്‍ അതിനര്‍ഥം സിപിഎമ്മിന്‍റെ അന്ത്യം അടുത്തു എന്നാണ്. പഴഞ്ചന്‍ ആശയങ്ങള്‍ ദൂരേക്ക് വലിച്ചെറിഞ്ഞ് ആത്മവിമര്‍ശനം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ സിപിഎമ്മിനെ മ്യൂസിയത്തില്‍ വേയ്ക്കേണ്ട അവസ്ഥ വരുമെന്ന് ജിഷ്ണു ദേബര്‍മ പറഞ്ഞു.

ഇന്നലെയായിരുന്നു ചരലിത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്. എന്നാല്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സിപിഎം തെരഞ്ഞടെുപ്പില്‍ നിന്ന് പിന്മാറുകയായിരുന്നു. അക്രമം മൂലം തങ്ങളുടെ സ്ഥാനാര്‍ഥിക്ക് പ്രചാരണം നടത്താന്‍ പോലും കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു പിന്‍മാറ്റം. 

എന്നാല്‍ ജനങ്ങളുടെ തിരിച്ചടി ഭയന്നാണ് സിപിഎമ്മിന്‍റെ ഒളിച്ചോട്ടമെന്ന് ബിജെപി സ്ഥാനാര്‍ഥിയും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബര്‍മ പറഞ്ഞു. കാലഹരണപ്പെട്ട ആശയങ്ങളുമായി ഇനിയും മുന്നോട്ട് പോയാല്‍ ജനം താമസിയാതെ സിപിഎമ്മിനെ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് ജിഷ്ണു ദേബര്‍മ പറഞ്ഞു 

click me!