
പാമ്പാടി: ജിഷ്ണു പ്രണോയ് മരിച്ച നിലയിൽ കണ്ടെത്തിയ നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽ നിന്നും ഹോസ്റ്റലിൽ നിന്നും രക്തക്കറ കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായ കോളേജ് അധികൃതരെ അറസ്റ്റ് ചെയ്യണമെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. ജിഷ്ണുവിന്‍റെ വീട് വി.എസ് സന്ദർശിച്ചു.
ജിഷ്ണു പ്രണോയ്യുടെ മരണം കൊലപാതകമാണെന്ന വാദം ശക്തിപെടുന്നതിനിടെയാണ് കോളേജിലെ വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിലും ഹോസ്റ്റൽ മുറിയിലും രക്തക്കറ കണ്ടെത്തിയത്. ജിഷ്ണുവിന്‍റെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ രണ്ട് മുറികളും നേരത്തെ പൂട്ടി സീൽ ചെയ്തിരുന്നതാണ്.
ഇന്ന് നടന്ന പൊലീസിന്‍റെയും ഫോറൻസിക് സംഘത്തിന്‍റെയും പരിശോധനയിലാണ് രക്തക്കറ കണ്ടത്. വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേലുവിന്‍റെ മുറി ഇടി മുറിയാണെന്ന വിദ്യാർത്ഥികളുടെ ആരോപണത്തെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന തെളിവുകൾ. അതിനിടെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ജിഷ്ണുവിന്‍റെ വീട് സന്ദർശിച്ചു.
അത്യന്തം വികാര നിർഭരമായ രംഗങ്ങളാണ് വി.എസ് ജിഷ്ണുവിന്‍റെ വീട്ടിലെത്തിയപ്പോൾ ഉണ്ടായത്. രാവിലെമുതൽ വി.എസ്സിനെ കാത്തിരുന്ന ജനക്കൂട്ടം അഭിവാദ്യങ്ങളുമായി സ്വീകരിച്ചപ്പോൾ ജിഷ്ണുവിന്‍റെ അമ്മ ദു:ഖം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. നീതി കിട്ടാൻ സഹായിക്കണമെന്ന് പറഞ്ഞ അമ്മ തന്‍റെ മകൻ കുറ്റക്കാരനല്ലെന്നും ആവർത്തിച്ചു.
മകന്‍റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യാത്തതിലുള്ള വിഷമവും അമ്മ മഹിജ വി.എസിനോട് പങ്ക് വെച്ചു. ജിഷ്ണുവിനെ മാനേജ്മെന്‍റ് കൊലപെടുത്തിയതാണെന്ന് മാതാപിതാക്കൾ പറഞ്ഞവെന്നും എത്രയും വേഗം കുറ്റക്കാരായ കോളേജ് അധികൃതരെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട നിവേദനവും അമ്മ വി.എസ്സിന് നൽകി. താൻ പിതാവിന് തുല്യം കാണുന്ന വി.എസ് എത്തിയത് ആശ്വാസം പകരുന്നുണ്ടെന്ന് ജിഷ്ണുവിന്‍റെ അമ്മ പറഞ്ഞു. ജിഷ്ണു കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നടക്കമുള്ള ആവശ്യമുന്നയിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam