കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലിങ്ങളുടെയും ദലിതുകളുടെയും വീടുകൾ പൊളിച്ചുമാറ്റിയ സ്ഥലം സിപിഎം എംപി എഎ റഹീം സന്ദർശിച്ചു.
ബെംഗളൂരു: കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച് സിപിഎം രാജ്യസഭ എംപി എഎ റഹീം. അനധികൃത കൈയേറ്റത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലിങ്ങളെയും ദലിതുകളെയുമാണ് ഒഴിപ്പിച്ചതെന്നും വെറും മൂന്ന് മണിക്കൂർ കൊണ്ട് 180ലേറെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ താമസിക്കുന്നവർക്കെല്ലാം ആധാർ, റേഷൻ, വോട്ടർ കാർഡുണ്ട്. ഒമ്പത് മാസം ഗർഭണിയായ യുവതി മുതൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ പുറത്താക്കി. ഗ്യാസ് സിലിണ്ടർ പുറത്തുവെക്കാൻ മാത്രമാണ് സമയം നൽകിയത്. വെറും മൂന്ന് മണിക്കൂറിൽ എല്ലാം നശിപ്പിച്ചെന്നും റഹീം പറഞ്ഞു. ഈ മനുഷ്യർക്ക് പോകാൻ സ്ഥലമില്ല.
ഇവരുടെ ഭരണഘടനാപരമായ അവകാശമാണ് കോൺഗ്രസ് സർക്കാർ ഇല്ലാതാക്കിയത്. കോൺഗ്രസ് സർക്കാറിന്റെ മുസ്ലിം, ദലിത് വിരുദ്ധ നേർ ചിത്രമാണ് ഇവിടെ കാണാനാകുക. ബിജെപി സർക്കാറിന്റെ നശീകരണത്തെ എങ്ങനെയാണ് കോൺഗ്രസിന് ചെറുക്കാനാകുക. എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാഗാന്ധി പ്രതികരിക്കുന്നില്ല. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരാരും പ്രതികരിച്ചിട്ടില്ല. എന്താണ് നിങ്ങളുടെ മറുപടി. കഴിഞ്ഞ ദിവസവും ഇവിടേക്ക് ബുൾഡോസർ എത്തി. ഈ കിരാത നടപടിയിൽ നിന്ന് കോൺഗ്രസ് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കർണാടക നേതാക്കളും റഹീമിനെ അനുഗമിച്ചു.
